Cricket
ചരിത്രത്തിലിടം നേടി ബെന്‍ സ്റ്റോക്‌സ്; ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കളിക്കാരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 25, 04:46 am
Saturday, 25th June 2022, 10:16 am

ലോകക്രിക്കറ്റിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകന്‍ ബെന്‍ സ്‌റ്റോക്‌സ്. ഏത് ഫോര്‍മാറ്റിലും അതിന്റെതായ രീതിയിലും പക്വതയിലും കളിക്കാന്‍ അദ്ദഹത്തിന് സാധിക്കാറുണ്ട്.

ഒരു കാലത്ത് ഇവനെയൊക്കെ എന്തിന് കളിപ്പിക്കുന്നു എന്ന നിലയില്‍ നിന്നും ഇംഗ്ലണ്ടിന്റെ നിലവിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളിലേക്കാണ് സ്റ്റോക്‌സ് നടന്നു കയറിയത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമാണ് സ്റ്റോക്‌സ് കാഴ്ചവെക്കുന്നത്. മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ താരം ഒരു സിക്സര്‍ നേടിയിരുന്നു. തന്റെ ടെസ്റ്റ് കരിയറിലെ 100ാമത്തെ സിക്‌സറായിരുന്നു അത്. 151 ഇന്നിങ്‌സില്‍ നിന്നുമാണ് താരം 100 സിക്‌സറുകള്‍ സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്‌സ് നേടുന്ന മൂന്നാമത്തെ താരമാണ് ബെന്‍ സ്‌റ്റോക്‌സ്. ടിം സൗത്തിക്കെതിരെയായിരുന്നു സ്‌റ്റോക്‌സ് തന്റെ നൂറാം സിക്സര്‍ അടിച്ചത്.

മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റനും ഇപ്പോഴത്തെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് കോച്ചുമായ ബ്രണ്ടന്‍ മക്കല്ലമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരം. 107 സിക്‌സറാണ് മക്കല്ലം ടെസ്റ്റില്‍ അടിച്ചുകൂട്ടിയത്. ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റാണ് ഈ ലിസ്റ്റില്‍ രണ്ടാമതുള്ളത്. 96 മത്സരത്തില്‍ 100 സിക്‌സര്‍ ഗില്ലി നേടിയിട്ടുണ്ട്.

 

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍ ടെസ്റ്റില്‍ 98 സിക്‌സര്‍ നേടി നാലാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍, 97 സിക്‌സറുമായി ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വസ് കാല്ലിസ് അഞ്ചാം സ്ഥാനത്താണ്.

അതേസമയം ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് മത്സരത്തില്‍ ഇംഗ്ലണ്ട് പൊരുതുകയാണ്. 329 റണ്‍സുമായി ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ച ന്യൂസിലാന്‍ഡിനെതിരെ 264-6 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

130 റണ്ണുമായി ജോണി ബെയര്‍സ്‌റ്റോയും 89 റണ്ണുമായി ജെയിമി ഒവര്‍ടണുമാണ് ക്രീസിലുള്ളത്. 55 റണ്‍സ് എടുത്തപ്പോഴെക്കും ആറ് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ തിരിച്ചുകൊണ്ടുവന്നത്. ബെയര്‍സ്‌റ്റോ-ഒവര്‍ടണ്‍ കൂട്ടുകെട്ടാണ്.

Content Highlights: Ben Stokes Became third batter to hit 100 sixes in test cricket