ഇംഗ്ലണ്ട് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് ബെന്‍ സ്റ്റോക്‌സ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഇംഗ്ലണ്ടിനായി പ്രതിഭ തെളിയിച്ച താരം നിലവില്‍ ത്രീ ലയണ്‍സിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ കൂടിയാണ്.
എന്നാല്‍ തന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാനസികമായി തളര്‍ന്നുപോയ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുതന്നെ കുറച്ചുകാലം വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെ താന്‍ പാനിക് അറ്റാക്കിനുള്ള മരുന്ന് കഴിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
‘ബെന്‍ സ്റ്റോക്‌സ്: ഫീനിക്‌സ് ഫ്രം ദി ആഷസ്’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.പി.എല്ലില്‍ താന്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കുന്നത് കാണാനായിരുന്നു തന്റെ പിതാവിന് ഏറെ ഇഷ്ടമെന്നും, എന്നാല്‍ ഐ.പി.എല്‍ കാരണമാണ് തന്റെ പിതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ സാധിക്കാതെ പോയതെന്നും സ്‌റ്റോക്‌സ് പറയുന്നു.
ഈയൊരു കാരണം കൊണ്ടും തന്റെ ബിസി ഷെഡ്യൂളുകള്‍ കൊണ്ടും തനിക്ക് ഒരു ഘട്ടത്തില്‍ ക്രിക്കറ്റിനോട് തന്നെ വെറുപ്പ് തോന്നിയിരുന്നെന്നും സ്‌റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.
ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
‘ന്യൂസിലാന്‍ഡില്‍ നിന്നും ഐ.പി.എല്ലിന് പോകുമ്പോഴാണ് ഞാന്‍ അച്ഛനെ അവസാനമായി കണ്ടത്. അദ്ദേഹത്തിന് ഞാന്‍ കളിക്കാന്‍ പോകണമെന്നുതന്നെയായിരുന്നു. ഞാന്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്നതും അവിടുത്തെ ആളുകളെയും അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു.
പക്ഷേ അതാണ് എനിക്ക് ക്രിക്കറ്റിനോട് തന്നെ വെറുപ്പുണ്ടാവാനുള്ള കാരണം. ഇതുകാരണമാണ് എനിക്കെന്റെ അച്ഛനെ മരിക്കും മുമ്പ് അവസാനമായി കാണാന്‍ സാധിക്കാതെ പോയത് എന്നാണ് ഞാന്‍ കരുതിപ്പോരുന്നത്.
ഞാനിത് നേരത്തെ പറയണമായിരുന്നു. ക്രിക്കറ്റ്, ക്രിക്കറ്റ്, ക്രിക്കറ്റ് ഇത് മാത്രമായിരുന്നു എന്റെ ചിന്ത. ഞാനതില്‍ ഖേദിക്കുന്നില്ല. പക്ഷേ, പലതും ഞാന്‍ വ്യത്യസ്തമായിട്ടാണ് ചെയ്യുക,’ സ്റ്റോക്‌സ് പറഞ്ഞു.
‘ഇതെല്ലാംകൊണ്ട് ഞാന്‍ ക്രിക്കറ്റില്‍ നിന്നും ഒരു ബ്രേക്ക് എടുത്തു. എനിക്കെന്റെ അച്ഛനെ കാണാന്‍ സാധിക്കാത്തില്‍ ക്രിക്കറ്റിനോട് എനിക്ക് ശരിക്കും വെറുപ്പായിരുന്നു,’ സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.
മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരമായിരുന്നു ബെന്‍ സ്റ്റോക്‌സ്. രാജസ്ഥാന് വേണ്ടി മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ സംഭവവികാസങ്ങള്‍ കാരണം മെഗാലേലത്തില്‍ തന്റെ പേര് പോലും താരം നല്‍കിയിരുന്നില്ല.
Content Highlight: Ben Stokes about Rajasthan Royals and his father’s death