| Monday, 27th February 2023, 5:53 pm

വീഡിയോ; ധോണിയുടെ അനുജനെ കണ്ടുകിട്ടി; റണ്‍ ഔട്ട് എന്ന് പറഞ്ഞാല്‍ പോരാ, വേറെ ലെവല്‍ റണ്‍ ഔട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയെ അനുസ്മരിപ്പിച്ച് ഇംഗ്ലണ്ട് താരം ബെന്‍ ഫോക്‌സ്. ന്യൂസിലാന്‍ഡ് താരം മൈക്കല്‍ ബ്രേസ്‌വെല്ലിനെ പുറത്താക്കാന്‍ താരം വിക്കറ്റിന് പുറകില്‍ നടത്തിയ ശ്രമമാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ കയ്യടി നേടുന്നത്.

ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരേണ്ടി വന്ന ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ 159ാം ഓവറിലാണ് ഈ തകര്‍പ്പന്‍ റണ്‍ ഔട്ട് പിറന്നത്. ജാക്ക് ലീച്ച് എറിഞ്ഞ 159ാം ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ബ്ലണ്ടല്‍ ഷോട്ട് കളിക്കുകയും സിംഗിളിന് ശ്രമിക്കുകയുമായിരുന്നു.

ബൗണ്ടറി ലൈനിന് സമീപത്ത് നിന്നും പന്ത് കളക്ട് ചെയ്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എറിയുകയായിരുന്നു. ബ്രേസ്‌വെല്ലാകട്ടെ താന്‍ എന്തായാലും ക്രീസിലെത്തും എന്ന ഉറപ്പില്‍ സാവധാനം ഓടുകയായിരുന്നു.

എന്നാല്‍ അത്രയും നേരം റണ്‍ ഔട്ടിന് ശ്രമിക്കാതെ ശാന്തനായി നിന്ന ഫോക്‌സ് ഫ്‌ളാഷ് ഓഫ് എ സെക്കന്‍ഡില്‍ പന്ത് കളക്ട് ചെയ്ത് ബെയ്ല്‍സ് തെറിപ്പിക്കുകയായിരുന്നു. ഈ സമയം ബ്രേസ്‌വെല്‍ ക്രീസിനുള്ളിലെത്തിയിരുന്നെങ്കിലും താരത്തിന്റെ ബാറ്റോ കാലോ ഗ്രൗണ്ടഡ് ആയിരുന്നില്ല. ഇക്കാര്യം വിലയിരുത്തിയ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു.

ഫോക്‌സിന്റെ ബ്രില്യന്റ് ഗ്ലൗ വര്‍ക്കിനും പ്രസന്‍സ് ഓഫ് മൈന്‍ഡിനും ആരാധകരുടെ പ്രശംസകള്‍ അവസാനിക്കാതെ തുടരുകയാണ്.

അതേസമയം, ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടര്‍ന്ന ന്യൂസിലാന്‍ഡ് 483 റണ്‍സ് നേടിയിരുന്നു. കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറിയും ഓപ്പണര്‍മാരായ ടോം ലാഥം, ഡെവോണ്‍ കോണ്‍വേ ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കിവികള്‍ക്ക് മാന്യമായ സ്‌കോര്‍ നേടിക്കൊടുത്തത്.

കെയ്ന്‍ വില്യംസണ്‍ 282 പന്ത് നേരിട്ട് 132 റണ്‍സ് നേടി. ഇതോടെ ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റോസ് ടെയ്‌ലറുടെ റെക്കോഡ് തകര്‍ക്കാനും വില്യംസണായി.

ടോം ലാഥം 172 പന്ത് നേരിട്ട് 83 റണ്‍സ് നേടിയപ്പോള്‍ 155 പന്തില്‍ നിന്നും 61 റണ്‍സായിരുന്നു കോണ്‍വേയുടെ സമ്പാദ്യം. ഒരു സെഞ്ച്വറിയുടെ പ്രതീതി ജനിപ്പിച്ചായിരുന്നു ടോം ബ്ലണ്ടല്‍ പുറത്തായത്. 166 പന്തില്‍ നിന്നും 90 റണ്‍സായിരുന്നു താരം നേടിയത്. 55 പന്ത് നേരിട്ട മിച്ചല്‍ 54 റണ്‍സും നേടി.

അഞ്ച് വിക്കറ്റ് നേടിയ ജാക്ക് ലീച്ചാണ് ഇംഗ്ലണ്ടിനായി ബൗളിങ്ങില്‍ തിളങ്ങിയത്. ലീച്ചിന് പുറമെ ഒല്ലി റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

258 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് നാലാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ ഒന്നിന് 48 എന്ന നിലയിലാണ്. 24 റണ്‍സ് നേടിയ സാക്ക് ക്രോളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 23 റണ്‍സുമായി ബെന്‍ ഡക്കറ്റും ഒരു റണ്‍സ് നേടിയ ഒല്ലി റോബിന്‍സണുമാണ് ക്രീസില്‍.

രണ്ടാം ടെസ്റ്റില്‍ വിജയിക്കണമെങ്കില്‍ ഒമ്പത് വിക്കറ്റ് കയ്യിലിരിക്കെ 79 ഓവറില്‍ 210 റണ്‍സ് ആവശ്യമാണ്.

Content highlight: Ben Fokes’ brilliant wicket keeping to dismiss Michael Bracewell goes viral

Latest Stories

We use cookies to give you the best possible experience. Learn more