ഇംഗ്ലണ്ടുമായുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യയ്ക്ക് ഇനി വരാനുള്ള അന്താരാഷ്ട്ര ഇവന്റ്. ഐ.പി.എല്ലിന് ശേഷം ജൂണ്‍ മാസം അവസാനമാണ് ഇംഗ്ലണ്ടുമായുള്ള മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇതോടെ ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ബെന്‍ ഡക്കറ്റ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
ബുംറയെ താന്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം വെല്ലുവിളി ഉയര്‍ത്തുമെങ്കിലും തന്നെ അത്ഭുതപ്പെടുത്താന്‍ പോകുന്നില്ലെന്നും ഡക്കറ്റ് പറഞ്ഞു. മാത്രമല്ല ബുംറയെപ്പോലെ മുഹമ്മദ് ഷമിയും മികച്ച ബൗളറാണെന്നും ഇരുവരുടേയും സ്‌പെല്‍ മറികടക്കാന്‍ സാധിച്ചാല്‍ താന്‍ ഇനിയും റണ്‍സ് നേടുമെന്നും ഡക്കറ്റ് പറഞ്ഞു.
‘അഞ്ച് ടെസ്റ്റ് പരമ്പരകളില്‍ ഞാന്‍ മുമ്പ് അദ്ദേഹത്തെ നേരിട്ടിട്ടുണ്ട്. അദ്ദേഹം എനിക്കെതിരെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ കഴിവുകള്‍ എന്താണെന്ന് എനിക്കറിയാം. അത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെങ്കിലും എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നും തന്നെ ഉണ്ടാകില്ല.
മുഹമ്മദ് ഷമിയുടെ റെഡ്-ബോള്‍ കഴിവുകള്‍ ബുംറയെപ്പോലെ തന്നെ ഭീഷണിയാണ്. പക്ഷേ ആ ഓപ്പണിങ് സ്‌പെല്ലിനെ മറികടക്കാന്‍ കഴിയുമെങ്കില്‍, ഇനിയും റണ്‍സ് നേടാന്‍ എനിക്ക് കഴിയും,’ ഡക്കറ്റ് മെയില്‍ സ്‌പോര്‍ട്ടിനോട് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ബുംറയ്‌ക്കെതിരെ 94 പന്തില്‍ നിന്ന് 63 റണ്‍സ് നേടാന്‍ ഡക്കറ്റിന് സാധിച്ചിരുന്നു. എന്നിരുന്നാലും പരമ്പര തോല്‍വി വഴങ്ങിയാണ് ത്രീ ലയണ്‍സ് വിമാനം കയറിയത്.
പക്ഷെ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വലിയ വെല്ലുവിളി തന്നെയാണ് നേരിടാനിരിക്കുന്നത്. അടുത്ത കാലത്തായി ടെസ്റ്റില്‍ മോശം പ്രകടനം നടത്തുന്ന ഇന്ത്യ ഇംഗ്ലണ്ടില്‍ വിയര്‍ക്കുമെന്നാണ് പല മുന്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ അടക്കം പറയുന്നത്.
വൈറ്റ് ബോളില്‍ ഇന്ത്യ ആധിപത്യം തുടരുമ്പോള്‍ റെഡ് ബോള്‍ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി തന്നെയാണ്. ന്യൂസിലാന്‍ഡിനോടും ഓസ്‌ട്രേലിയക്കെതിരെയുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
മാത്രമല്ല കഴിഞ്ഞ ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയുടെ നട്ടെല്ലായ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പരിക്ക് പറ്റിയത് ഇന്ത്യയ്ക്ക് വലിയ തലവേദനയാണ് നമ്മാനിച്ചത്.
Content Highlight: Ben Duckett Talking About Jasprit Bumrah