അയര്‍ലന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഐറിഷ് പടയെ കടിച്ചുകുടഞ്ഞ് ത്രീ ലയണ്‍സ്. 352 റണ്‍സലിന്റെ ആദ്യ ഇന്നിങ്‌സ് ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാല്‍ബിര്‍ണിയെയും സംഘത്തെയും സ്റ്റുവര്‍ട്ട് ബ്രോഡിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ എറിഞ്ഞിട്ടപ്പോള്‍ അയര്‍ലന്‍ഡ് 172 റണ്‍സിലൊതുങ്ങി.
2013ന് ശേഷം ലോര്‍ഡ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കിയ ബ്രോഡിനൊപ്പം ജാക്ക് ലീച്ചും മാത്യു പോട്‌സും ചേര്‍ന്നപ്പോള്‍ അയര്‍ലന്‍ഡ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 524 റണ്‍സ് നേടി നില്‍ക്കവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒലി പോപ്പിന്റെ ഇരട്ട സെഞ്ച്വറിയും ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിനെ പടുകൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഇവര്‍ക്ക് പുറമെ ഫാബ് ഫോറിലെ കരുത്തന്‍ റൂട്ടും ഓപ്പണര്‍ സാക്ക് ക്രോളിയും അര്‍ധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തിരുന്നു.
ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചതോടെ ഒരുപിടി റെക്കോഡുകളും പിറവിയെടുത്തിരുന്നു.
ഇരട്ട സെഞ്ച്വറി നേടിയ ഒലി പോപ്പാണ് ഇക്കൂട്ടത്തില്‍ പ്രധാനി. 208 പന്തില്‍ നിന്നും 22 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെ 205 റണ്‍സ് നേടിയാണ് താരം പുറത്തായത്.
ഇതോടെ ഇംഗ്ലണ്ടിനായി ഇംഗ്ലണ്ടില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡാണ് പോപ്പിനെ തേടിയെത്തിയത്.
ലോര്‍ഡ്‌സില്‍ ഏറ്റവും വേഗത്തില്‍ 150 റണ്‍സടിക്കുന്ന ബാറ്റര്‍ എന്ന റെക്കോഡാണ് ബെന്‍ ഡക്കറ്റ് തന്റെ പേരിലാക്കിയത്. മുന്‍ ഓസ്‌ട്രേലിയന്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ സര്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോഡ് തകര്‍ത്താണ് ഡക്കറ്റ് റണ്ണടിച്ചുകൂട്ടിയത്.
ഗ്രഹാം ഹ്യൂമിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുമ്പോള്‍ 178 പന്തില്‍ നിന്നും 182 റണ്‍സാണ് ഡക്കറ്റ് സ്വന്തമാക്കിയത്. 24 ബൗണ്ടറിയും ഒരു സിക്‌സറുമാണ് ഡക്കറ്റിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
അയര്‍ലന്‍ഡിനെതിരെ അര്‍ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനായി 11,000 റണ്‍സ് നേടുന്ന രണ്ടാമത് താരമായാണ് റൂട്ട് റെക്കോഡിട്ടത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ അലസ്റ്റര്‍ കുക്കിന് ശേഷം 11,000 റണ്‍സ് തികയ്ക്കുന്ന താരമാണ് റൂട്ട്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ ഈ മാര്‍ക്ക് പിന്നിടുന്ന താരമാണ് റൂട്ട്. 130 ടെസ്റ്റിലെ 238 ഇന്നിങ്‌സില്‍ നിന്നുമാണ് റൂട്ട് 11,000 റണ്‍സ് തികച്ചത്.
അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ 97 റണ്‍സിന് മൂന്ന് എന്ന നിലയിലാണ് അയര്‍ലന്‍ഡ്.
21 പന്തില്‍ നിന്നും 11 റണ്‍സ് നേടിയ പി.ജെ. മൂര്‍, അഞ്ച് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണി എന്നിവരുടെ വിക്കറ്റാണ് അയര്‍ലന്‍ഡിന് നഷ്ടമായത്. അരങ്ങേറ്റക്കാരനായ ജോഷ് ടങ്ങാണ് വിക്കറ്റ് നേടിയത്. ഇവര്‍ക്ക് പുറമെ ജെയിംസ് മക്കെല്ലം റിട്ടയര്‍ഡ് ഹര്‍ട്ടായും പുറത്തായി.
55 പന്തില്‍ നിന്നും 33 റണ്‍സ് നേടിയ ഹാരി ടെക്ടറും 17 പന്തില്‍ നിന്നും 15 റണ്‍സുമായി പോള്‍ സ്‌റ്റെര്‍ലിങ്ങുമാണ് ഐറിഷ് ടീമിനായി ക്രീസില്‍.
Content highlight: Ben Duckett, Ollie Pope and Joe Root creates record against Ireland