ടെസ്റ്റില്‍ മായാജാലം, ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഒന്നാമനും രണ്ടാമനും നാലാമനും ഇവന്‍ തന്നെ!
Sports News
ടെസ്റ്റില്‍ മായാജാലം, ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഒന്നാമനും രണ്ടാമനും നാലാമനും ഇവന്‍ തന്നെ!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th July 2024, 10:14 pm

വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് പുരോഗമിക്കുകയാണ്. ട്രെന്‍ഡ് ബ്രിഡ്ജില്‍ ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 61 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

ആദ്യ ടെസ്റ്റില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന വിന്‍ഡീസ് പട ഇക്കുറി ഇംഗ്ലണ്ടിന് കനത്ത പ്രഹരം നല്‍കിയാണ് തുടങ്ങിയത്. ആദ്യ ഓവര്‍ ചെയ്യാനെത്തിയ അല്‍സാരി ജോസഫിന്റെ മൂന്നാം പന്തില്‍ സൈഡ് എഡ്ജായ സാക് ക്രോളി പൂജ്യം റണ്‍സിന് അലിക് അതനാസിന്റെ കയ്യിലെത്തുകയായിരുന്നു.

എന്നാല്‍ പിന്നീട് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ കഴിയാതെ വിന്‍ഡീസ് പതറുന്ന കാഴ്ചയാണ് കണ്ടത്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ബെന്‍ ഡക്കറ്റും ഒല്ലി പോപ്പും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 59 പന്തില്‍ 14 ബൗണ്ടറിയടക്കം 71 റണ്‍സാണ് താരം നേടിയത്. അര്‍ധ സെഞ്ച്വറി നേടി മികച്ച ഫോമിലുള്ളപ്പോള്‍ ഷമര്‍ ജോസഫാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. അതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണിങ് ഇറങ്ങി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരമാകാനാണ് ഡക്കറ്റിന് കഴിഞ്ഞത്. കൗതുകമായ കാര്യം ഈ ലിസ്റ്റില്‍ ഒന്നാമനും രണ്ടാമനും ഡക്കറ്റാണ്.

ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണിങ് ഇറങ്ങി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരം, പന്തിന്റെ എണ്ണം, എതിരാളി, വര്‍ഷം

ബെന്‍ ഡക്കറ്റ് – 32* – വെസ്റ്റ് ഇന്‍ഡീസ് – 2024

ബെന്‍ ഡക്കറ്റ് – 36 – വെസ്റ്റ് ഇന്ഡീസ് – 2020

സാക്ക് ക്രോളി – 36 – സൗത്ത് ആഫ്രിക്ക – 2022

ബെന്‍ ഡക്കറ്റ് – 36 – ന്യൂസിലാന്‍ഡ് – 2023

മത്സരത്തില്‍ ഒല്ലി പോപ്പിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് പിന്നീട് ഇംഗ്ലണ്ട് വമ്പന്‍ സ്‌കോറിലേക്ക് നീങ്ങിയത്. 167 പന്തില്‍ ഒരു സിക്‌സും 15 ഫോറും ഉള്‍പ്പെടെ 121 റണ്‍സാണ് പോപ് നേടിയത്. ഇതോടെ തന്റെ ടെസ്റ്റ് കരിയറിലെ വമ്പന്‍ നാഴികകല്ലിലെത്താനാണ് പോപിന് സാധിച്ചത്. തന്റെ ആറാം സെഞ്ച്വറിനേട്ടമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

താരത്തിന് ശേഷം ഇറങ്ങിയ ജോ റൂട്ട് 14 റണ്‍സിന് പുറത്തായപ്പോള്‍ ഹാരി ബ്രൂക്ക് 36 റണ്‍സ് നേടിയാണ് കളം വിട്ടത്. പിന്നീട് 104 പന്തില്‍ 8 ബൗണ്ടറിയടക്കം 69 റണ്‍സ് നേടി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും പുറത്തായി. നിലവില്‍ ജെമി സ്മിത് 20 റണ്‍സുമായും ക്രിസ് വോക്‌സ് ഒരു റണ്‍സുമായും ക്രീസില്‍ തുടരുകയാണ്. വിന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജെയ്ഡന്‍ സീല്‍സ്, ഷമര്‍ ജോസഫ് കെവിന്‍ സിന്‍ക്ലെയര്‍, കവേം ഹോഡ്ജ് എന്നിവര്‍ ഒരു വിക്കറ്റും നേടി.

 

Content Highlight: Ben Duckett In Record Achievement In Test For England