90 വർഷങ്ങൾക്ക് ശേഷം വീണ്ടും അത് സംഭവിച്ചു; നാണംകെട്ട തോൽവിയിലും ചരിത്രനേട്ടവുമായി ഇംഗ്ലണ്ട് സൂപ്പർ താരം
Cricket
90 വർഷങ്ങൾക്ക് ശേഷം വീണ്ടും അത് സംഭവിച്ചു; നാണംകെട്ട തോൽവിയിലും ചരിത്രനേട്ടവുമായി ഇംഗ്ലണ്ട് സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th February 2024, 2:38 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ കഴിഞ്ഞ ദിവസം അവസാനിച്ച മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 434 റണ്‍സിന്റെ ചരിത്രവിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

557 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് 122 റണ്‍സിന് പുറത്താവുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 എന്ന നിലയില്‍ മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു.

ഇംഗ്ലണ്ടിനായി ആദ്യ ഇന്നിങ്‌സില്‍ 151 പന്തില്‍ 153 റണ്‍സ് നേടി മികച്ച പ്രകടനമാണ് ബെന്‍ ഡക്കെറ്റ് നടത്തിയത്. 23 ഫോറുകളും രണ്ട് സിക്‌സുകളുമാണ് ഇംഗ്ലണ്ട് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 101.32 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഡക്കെറ്റ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 400 റണ്‍സിന് മുകളില്‍ തോല്‍ക്കുന്ന മത്സരത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് ഡക്കെറ്റ് സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇംഗ്ലണ്ട് താരം മൗറീസ് ലെയ്‌ലാന്‍ഡ് ആയിരുന്നു. 1934ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ 110 റണ്‍സാണ് താരം നേടിയത്.

അതേസമയം ഇന്ത്യന്‍ ബൗളിങ് നിരയില്‍ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 12.4 ഓവറില്‍ നാല് മെയ്ഡന്‍ അടക്കം 41 റണ്‍സ് വിട്ടുനല്‍കിയാണ് ജഡേജ അഞ്ച് വിക്കറ്റുകള്‍ നേടിയത്.

ജഡേജക്ക് പുറമേ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു.

ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ജെ. എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Ben Duckett create a new record in test