ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ജനുവരി 25നാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്.
പരമ്പരക്ക് മുമ്പ് തന്നെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിക്കുന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ്. ഇന്ത്യന്‍ സൂപ്പര്‍ താരം അശ്വിനെതിരെ കളിക്കുമ്പോഴുള്ള ഭയത്തെ കുറിച്ചും ഡക്കറ്റ് പറഞ്ഞു.
ഇതിന് മുമ്പ് അശ്വിനെതിരെ കളിച്ചത് മുതല്‍ ഇതുവരെയുള്ള കാലത്തിനിടെ തനിക്ക് അത്യാവശ്യം അനുഭവ സമ്പത്ത് നേടാന്‍ സാധിച്ചിട്ടുണ്ടെന്നും എന്നാല്‍ അശ്വിന് മുമ്പില്‍ അതൊന്നും വിലപ്പോകില്ലെന്നും സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഡക്കറ്റ് പറഞ്ഞു.
ഇന്ത്യയില്‍ ഡക്കറ്റ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ബാറ്റേന്തിയ മൂന്ന് ഇന്നിങ്‌സിലും താരത്തെ പുറത്താക്കിയത് അശ്വിനായിരുന്നു.
‘അന്ന് മുതല്‍ എനിക്ക് കാര്യമായ അനുഭവ സമ്പത്ത് നേടാന്‍ സാധിച്ചു. ആ വര്‍ഷങ്ങളിലെ എന്റെ വളര്‍ച്ചയില്‍ പക്വത വളരെ വലിയ ഘടകമായിരുന്നു.
ഇന്ത്യ എനിക്കെതിരെ എന്ത് തന്നെ ഒരുക്കിവെച്ചാലും അതിനെയെല്ലാം തന്നെ നേരിടാന്‍ ഞാന്‍ തയ്യാറാണ് എന്നതാണ് ഇതില്‍ പ്രധാനം. ഇത്തരത്തിലുള്ള പിച്ചുകളില്‍ ഞാന്‍ ഇതിന് മുമ്പും കളിച്ചിട്ടുണ്ട്. ഇവിടെ എന്തൊക്കെ പ്രതീക്ഷിക്കേണ്ടി വരും എന്നതിനെ കുറിച്ചും എനിക്ക് ധാരണയുണ്ട്.
അശ്വിനെതിരെ ബുദ്ധിമുട്ടുന്ന ഇടംകയ്യന്‍ ബാറ്റര്‍ ഞാന്‍ മാത്രമല്ല. ഇത്തരത്തിലുള്ള സാഹചര്യം എവിടെയാണെങ്കിലും അവിടെയെല്ലാം അശ്വിന്‍ തിളങ്ങും.
എനിക്കുറപ്പാണ്, അദ്ദേഹം എന്നെ വീണ്ടും പുറത്താക്കും. അദ്ദേഹമൊരു വേള്‍ഡ് ക്ലാസ് ബൗളറാണ്. മികച്ച അല്ലെങ്കില്‍ ഫ്‌ളാറ്റ് പിച്ചില്‍ അറ്റാക്കിങ് ഷോട്ടുകളോ അഗ്രസ്സീവ് ഷോട്ടുകളോ കളിക്കില്ലെന്ന് ഞാന്‍ സ്വയം വിശ്വസിക്കണം.
ഇന്ത്യയിലേത് സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണെങ്കില്‍ ടീമിന്റെ സമീപ കാല പ്രകടനത്തെ കുറിച്ചും എന്റെ ശക്തിയെ കുറിച്ചും എനിക്ക് അറിയാം. അത് ഞാന്‍ പുറത്തെടുക്കാന്‍ മടിക്കില്ല,’ ഡക്കറ്റ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയില്‍ ഇന്ത്യയുടെ പ്രധാന ആയുധങ്ങളിലൊന്ന് ഈ വെറ്ററന്‍ ഓഫ് ബ്രേക്കര്‍ തന്നെയാണ്. പരമ്പരയില്‍ പല റെക്കോഡുകളും അശ്വിനെ കാത്തിരിപ്പുണ്ട്. ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനും അശ്വിനെ ഈ പരമ്പര തുണച്ചേക്കും.