യോഗിയുടെ വസതിക്ക് താഴെ ശിവലിംഗമുണ്ട്, കുഴിച്ച് പരിശോധിക്കണം; പരിഹസിച്ച് അഖിലേഷ് യാദവ്
national news
യോഗിയുടെ വസതിക്ക് താഴെ ശിവലിംഗമുണ്ട്, കുഴിച്ച് പരിശോധിക്കണം; പരിഹസിച്ച് അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2024, 7:37 pm

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് താഴെ ശിവലിംഗമുണ്ടെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

സര്‍വേ നടത്തിയാല്‍ ഇത് കണ്ടെത്താമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു. കാണുന്ന ഇടങ്ങളിലെല്ലാം കുഴിച്ചാല്‍ പരിഹാരം കാണാന്‍ കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു. ലഖ്നൗവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് താഴെ ശിവലിംഗമുണ്ട്. ഈ വിഷയം നമുക്കും അറിയാവുന്നതാണ്. ഖനനം നടത്തി ഇത് പരിശോധിക്കണം,’ എന്നാണ് അഖിലേഷ് യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

യു.പിയിലെ സംഭാലില്‍ ഉള്‍പ്പെടെ മസ്ജിദുകള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിച്ച് ബി.ജെ.പി സര്‍ക്കാരുകള്‍ സര്‍വേ നടത്തുന്ന സാഹചര്യത്തിലാണ് അഖിലേഷ് യാദവിന്റെ പരാമര്‍ശം.

ബി.ജെ.പി സര്‍ക്കാരുകള്‍ ഇനിയും കുഴി തോണ്ടുമെന്നും, കുഴിച്ച് കുഴിച്ച് സ്വന്തം സര്‍ക്കാരിന്റെ അടിവേര് ഇളക്കിയാകും നടപടി അവസാനിക്കുകയെന്നും അഖിലേഷ് യാദവ് പറഞ്ഞു.

രാജ്യത്ത് ആരാധനാലയ നിയമമുണ്ട്. എന്നാല്‍ ഏതാനും നടപടികളിലൂടെ ഈ നിയമം ലംഘിക്കപ്പെടുകയാണെന്നും എസ്.പി മേധാവി ചൂണ്ടിക്കാട്ടി.

രാജ്യത്തെ തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബി.ജെ.പി അവഗണിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകരെ ബി.ജെ.പി ചൂഷണം ചെയ്യുകയാണെന്നും അഖിലേഷ് പറഞ്ഞു.

നേരത്തെ സംഭാലിലുണ്ടായത് ആസൂത്രിതമായ കൊലപാതകമാണെന്നും ഗൂഢാലോചനയുണ്ടെന്നും അഖിലേഷ് യാദവ് പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.

സംഭാലിന്റെ ഐക്യത്തെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സംഭാലിന്റെ ഒത്തൊരുമയ്ക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

അടുത്തിടെയാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ പള്ളിയായ ശംസി ഷാഹി മസ്ജിദില്‍ നീലകണ്ഠ മഹാദേവ ക്ഷേത്രമുണ്ടെന്ന് കാണിച്ച് 2022ല്‍ രജിസ്റ്റര്‍ ചെയ്ത ഹരജി സജീവമാകുന്നത്. നീലകണ്ഠ മഹാദേവ ക്ഷേത്രം പൊളിച്ചാണ് ഷാഹി മസ്ജിദ് നിര്‍മിച്ചതെന്നാണ് അഖില ഭാരതീയ ഹിന്ദുമഹാസഭ നല്‍കിയ ഹരജിയില്‍ പറയുന്നത്.

പ്രസ്തുത ഹരജി പരിഗണിച്ചാണ് സംഭാലില്‍ ആര്‍ക്കിയോളജികള്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ നടക്കുന്നത്.

Content Highlight: Below the Yogi’s abode is the Shivalinga, to be dug up and examined; Akhilesh Yadav scoffed