ന്യൂദല്‍ഹി: ആന്ധ്രപ്രദേശ്- തെലങ്കാന സംസ്ഥാനങ്ങള്‍ തമ്മിലുളള കൃഷ്ണ നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട ഹരജി കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ.
വിഷയം നിയമപരമായി കേള്‍ക്കാന്‍ താന്‍ തയ്യാറല്ലെന്നും മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യണമെന്നും അനാവശ്യമായി ഇടപെടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് പറഞ്ഞു.
‘ഇക്കാര്യം നിയമപരമായി കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ രണ്ടു സംസ്ഥാനങ്ങളുടെയും ഭാഗമാണ്. മധ്യസ്ഥതയിലൂടെ ഇക്കാര്യം പരിഹരിക്കാനാകുമെങ്കില്‍ ദയവുചെയ്ത് അങ്ങനെ ചെയ്യൂ. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയും. അല്ലെങ്കില്‍ ഹരജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റും,’ അദ്ദേഹം പറഞ്ഞു.
കൃഷ്ണ നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇത് രാഷ്ട്രീയ വിഷയമാണെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും ആന്ധ്രപ്രദേശിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
2015-ലെ ഉടമ്പടിക്ക് വിരുദ്ധമായി തെലങ്കാന വൈദ്യുത ആവശ്യങ്ങള്‍ക്കായി നദിയില്‍ നിന്ന് ജലം എടുക്കുന്നതായാണ് ആന്ധ്രപ്രദേശ് ആരോപിക്കുന്നത്.
രണ്ടു സംസ്ഥാനങ്ങള്‍ക്കും പൊതുവായ ശ്രീശൈലം, നാഗാര്‍ജുന സാഗര്‍, പുളിചിന്ദല എന്നീ റിസര്‍വോയറുകളുടെ നിയന്ത്രണം ജലശക്തി മന്ത്രാലയം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദശിക്കണമെന്നാവശ്യപ്പെട്ടാണ് ആന്ധ്രപ്രദേശ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ റിസര്‍വോയറുകളില്‍ നിന്ന് തെലങ്കാന ജലമെടുക്കുന്നത് ആന്ധ്രയിലെ ജലസേചനത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് ആന്ധ്ര പ്രദേശ് ആരോപിക്കുന്നത്.
കൃഷ്ണ, ഗോദാവരി എന്നീ രണ്ടു പ്രധാന നദികളാണ് ഇരുസംസ്ഥാനങ്ങളിലൂടെയും ഒഴുകുന്നത്.
കൃഷ്ണ നദിയില്‍ ആറ് അണക്കെട്ടുകളാണ് ഉളളത്. താല്ക്കാലിക കരാര്‍ പ്രകാരം തെലങ്കാനയും ആന്ധ്രയും തമ്മില്‍ 34:66 എന്ന അനുപാതത്തില്‍ ജലം പങ്കിടണമെന്നാണ് പറയുന്നത്. എന്നാല്‍ വൈദ്യുതിക്കായി ഇതില്‍ക്കൂടുതല്‍ ജലം പൊതുവായ റിസര്‍വോയറുകളില്‍ നിന്ന് തെലങ്കാന എടുക്കുന്നതായാണ് ആന്ധ്രപ്രദേശിന്റെ ആരോപണം.