അഴിമതിക്കേസില്‍ അകത്തായ ജനാര്‍ദ്ദന റെഡ്ഡിയെ ബി.ജെ.പി കര്‍ണാടകയില്‍ മത്സരിപ്പിക്കുമെന്ന് സഹോദരന്‍
National Politics
അഴിമതിക്കേസില്‍ അകത്തായ ജനാര്‍ദ്ദന റെഡ്ഡിയെ ബി.ജെ.പി കര്‍ണാടകയില്‍ മത്സരിപ്പിക്കുമെന്ന് സഹോദരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th March 2018, 3:23 pm

ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജി.ജനാര്‍ദ്ദന റെഡ്ഡിയെ മത്സരിപ്പിക്കുമെന്ന് സഹോദരന്‍ സോമശേഖര റെഡ്ഡി. തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ റെഡ്ഡി സഹോദരങ്ങള്‍ ബി.ജെ.പിയില്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഇതിനിടെയാണ് മത്സരിക്കുമെന്ന് സോമശേഖര റെഡ്ഡി പ്രഖ്യാപിച്ചിരിക്കുന്നത്.

യെദിയൂരപ്പ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയും ബെല്ലാരിയിലെ ബി.ജെ.പി പ്രസിഡന്റുമായിരുന്ന റെഡ്ഡി 50,000 കോടിരൂപയുടെ ഖനി അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നു. 2015ല്‍ സുപ്രീം കോടതി ഉപാധികളോടെ റെഡ്ഡിക്ക് ജാമ്യം അനുവദിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി റെഡ്ഡി സഹോദരങ്ങള്‍ തങ്ങളെ അനുകൂലിക്കുന്നവരുടെ രഹസ്യയോഗം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമം നടത്തുന്ന ബി.ജെ.പി ജനാര്‍ദ്ദന റെഡ്ഡിയുടെയടക്കം സഹായം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേ സമയം മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി ഇന്‍കംടാക്‌സ് റെയ്ഡ് ഭീഷണിപ്പെടുത്തി ബി.ജെ.പി കൂറുമാറ്റാന്‍ ശ്രമിക്കുന്നതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഉഡുപ്പി എം.എല്‍.എ പ്രമോദ് മാധവ് രാജ്, എം.കൃഷ്ണപ്പ, മകനായ പ്രിയ കൃഷ്ണ എന്നീ സമ്പന്ന എം.എല്‍.എമാരെയാണ് ബി.ജെ.പി കൂറുമാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

Related: കര്‍ണാടക പിടിക്കാന്‍ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കുനേരെ വലവീശി ബി.ജെ.പി: ബി.ജെ.പി സമീപിച്ച കാര്യം സ്ഥിരീകരിച്ച് ഉഡുപ്പി എം.എല്‍.എ