ജനാര്‍ദന റെഡ്ഡിയും കര്‍ണാടക ഉദ്യോഗസ്ഥനും ദ്രോഹിക്കുന്നുവെന്നാരോപിച്ച് ആത്മഹത്യ ചെയ്ത സര്‍ക്കാര്‍ ഡ്രൈവര്‍ രമേശ് ഗൗഡയുടെ ആത്മഹത്യാക്കുറിപ്പിലാണ് റെഡ്ഡിയുടെ മകളുടെ കല്യാണത്തിനു മുന്‍പായി 100 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിരുന്നുവെന്ന വിവരമുള്ളത്.
ബെല്ലാരി: ഖനി വ്യവസായിയും മുന്‍മന്ത്രിയുമായിരുന്ന ജനാര്‍ദ്ദന റെഡ്ഡി 100 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചുവെന്ന് കര്‍ണാടകത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ ആത്മഹത്യാക്കുറിപ്പില്‍ ആരോപണം.
ജനാര്‍ദന റെഡ്ഡിയും കര്‍ണാടക ഉദ്യോഗസ്ഥനും ദ്രോഹിക്കുന്നുവെന്നാരോപിച്ച് ആത്മഹത്യ ചെയ്ത സര്‍ക്കാര്‍ ഡ്രൈവര്‍ രമേശ് ഗൗഡയുടെ ആത്മഹത്യാക്കുറിപ്പിലാണ് റെഡ്ഡിയുടെ മകളുടെ കല്യാണത്തിനു മുന്‍പായി 100 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിരുന്നുവെന്ന വിവരമുള്ളത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭീമ നായിക്കാണ് ആവശ്യമുള്ള സഹായം നല്‍കിയത്. തനിക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും തുടര്‍ന്ന് നിരവധി വധഭീഷണികളുണ്ടായെന്നും രമേശിന്റെ കുറിപ്പില്‍ പറയുന്നു. ബംഗളൂരുവിലെ സ്‌പെഷ്യല്‍ ലാന്റ് അക്വസിഷന്‍ ഓഫീസര്‍ ഭീമാ നായിക്കിന്റെ ഡ്രൈവറായിരുന്ന രമേഷ് ഗൗഡയെ ആണ് കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കല്യാണത്തിനാവശ്യമായ പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന നായിക്കിന് 20 ശതമാനം കമ്മീഷനായി ലഭിച്ചിട്ടുണ്ട്. കല്യാണത്തിനു മുന്‍പ് ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ച് പലതവണ ഇവര്‍ കൂടിക്കാഴ്ച നടത്തി. ഇതിനൊപ്പം 2018ല്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റുവേണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ നായിക്കിനും അദ്ദേഹത്തിന്റെ മറ്റൊരു ഡ്രൈവര്‍ മുഹമ്മദിനുമെതിരെ കേസെടുത്തിട്ടുണ്ട്.
ഖനി അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ജയിലില്‍നിന്ന് ഇറങ്ങിയ ജനാര്‍ദ്ദനറെഡ്ഡി കഴിഞ്ഞമാസം മകളുടെ ആഡംബര വിവാഹം നടത്തിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 500 കോടി ചെലവഴിച്ചാണ് റെഡ്ഡി മകളുടെ വിവാഹം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വിവാദമായ 500 കോടി വിവാഹത്തില്‍ കൂടുതല്‍ വിവരങ്ങളറിയുന്നതിനായി ആധായനികുതി വകുപ്പ് ജനാര്‍ദ്ദന റെഡ്ഡിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.