|

ഹിജാബ് സമരങ്ങളെ പിന്തുണച്ച് അമേരിക്കന്‍ മോഡല്‍ ബെല്ല ഹദീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിക്കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്നതും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഇപ്പോഴിതാ, ഹിജാബ് ധരിക്കാന്‍ തെരഞ്ഞെടുക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യ പ്രഖ്യാപിക്കുകയാണ് അമേരിക്കന്‍ മോഡലായ ബെല്ല ഹദീദ്.

ഹിജാബ് ധരിക്കാനുള്ള ലോകമെമ്പാടുമുള്ള മുസ്‌ലിം സ്ത്രീകളുടെ സമരങ്ങളെ സൂചിപ്പിക്കുന്ന പോസ്റ്റുകളുടെ പരമ്പര തന്നെ ബെല്ല തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഷയര്‍ ചെയ്തു. ഇതിലാണ് കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ഥിനികളുടെ ഹിജാബ് ധരിക്കാനുള്ള സമരവും ഉള്‍പ്പെട്ടിട്ടുള്ളത്.

ഹിജാബ് അഴിച്ചുമാറ്റാന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങളുടെ നടപടി എത്രത്തോളം ഇസ്ലാമോഫോബിക് ആണെന്നും അത് പരിഹാസ്യമാണെന്നും ബെല്ല കുറിച്ചു.

ഹിജാബ് ധരിക്കുക, മുസ്ലിം ആയിരിക്കുക, വെളുത്തവരല്ലാതായിരിക്കുക എന്നത് ഭീഷണിയായി വിലയിരുത്തുന്നത് വേദനിപ്പിക്കുന്ന നടപടിയാണെന്ന് ബെല്ല പറഞ്ഞു.

‘മുസ്‌ലിം സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഫ്രാന്‍സ്, ഇന്ത്യ, കാനഡയിലെ ക്യൂബെക്ക്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളോട് നിങ്ങളുടേതല്ലാത്ത ഒരു ശരീരത്തെക്കുറിച്ച് നിങ്ങള്‍ എന്ത് തീരുമാനങ്ങളാണ് എടുത്തിട്ടുള്ളതെന്ന് പുനര്‍വിചിന്തനം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സ്ത്രീകള്‍ എന്ത് ധരിക്കണം അല്ലെങ്കില്‍ ധരിക്കരുത് എന്ന് പറയുക എന്നത് നിങ്ങളുടെ ജോലിയല്ല, പ്രത്യേകിച്ചും അത് അവരുടെ വിശ്വാസപരമായ വിഷയമാകുമ്പോള്‍,’ ഇന്ത്യയിലെ ഹിജാബ് സമരത്തിന്റെ വാര്‍ത്തയുടെ ഒരു സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ബെല്ല എഴുതി.

ന്യൂസിലാന്‍ഡിലെ ഒട്ടാഗോയില്‍ നിന്നുള്ള ഹോദ അല്‍-ജമ 17 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഹിജാബ് വലിച്ചെറിഞ്ഞ് മര്‍ദിച്ചതായി ആരോപിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഷയത്തിലും
ബെല്ല പ്രതിഷേധം അറിയിച്ചു.

പ്രമുഖ യു.എസ് മോഡലായ ബെല്ല ടി.വി, സംഗീത വീഡിയോ താരവും അറിയപ്പെടുന്ന സിനിമാ താരവുമാണ്.

അതേസമയം, ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ക്കുകയും കോടതിയില്‍ വാദം തുടരുകയുമാണ്.

CONTENT HIGHLIGHTS:  BELLA HADID STANDS IN SOLIDARITY WITH MUSLIM WOMEN WHO CHOOSE TO WEAR THE HIJAB