കൊച്ചി: സീറോ മലലബാര്‍ സഭയുടെ ഭൂമി വിവാദത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയെ മനപ്പൂര്‍വ്വം ക്രൂശിക്കുകയാണെന്നാരോപിച്ച് ഒരു കൂട്ടം വിശ്വാസികളുടെ പ്രതിഷേധം. എറണാകുളം മറൈന്‍ ഡ്രൈവിലാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചത്.
സോഷ്യല്‍ മീഡിയ ആഹ്വാനം വഴിയാണ് വിശ്വാസികള്‍ ഒത്തു കൂടിയത്. കര്‍ദ്ദിനാളിനെ മനപ്പൂര്‍വ്വം ക്രൂശിക്കുകയാണെന്നും ഭുമിയിടപാട് സംബന്ധിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ഒത്തുകൂടിയവര്‍ ആരോപിക്കുന്നു.
മറൈന്‍ ഡ്രൈവില്‍ നിന്ന് സീറോ മലബാര്‍ സഭയുടെ ആസ്ഥാനത്തെക്ക് മാര്‍ച്ച് നടത്താനും ഇവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്.
അതേസമയം ഭൂമി കച്ചവട വിവാദത്തില്‍ മാര്‍ ആലഞ്ചേരിക്കും മറ്റ് മൂന്നുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മാര്‍ ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വൈദികര്‍ ആവശ്യപ്പെട്ടിരുന്നു.