'രണ്ട് പേര്‍ക്കുമൊപ്പം കളിച്ചിട്ടുണ്ട്, അസാധ്യ കളിക്കാരന്‍ എന്ന് തോന്നിയത് അദ്ദേഹം മാത്രമാണ്'; മെസി റോണോ ഫാന്‍ ഡിബേറ്റില്‍ ബെല്‍ജിയം താരം
Football
'രണ്ട് പേര്‍ക്കുമൊപ്പം കളിച്ചിട്ടുണ്ട്, അസാധ്യ കളിക്കാരന്‍ എന്ന് തോന്നിയത് അദ്ദേഹം മാത്രമാണ്'; മെസി റോണോ ഫാന്‍ ഡിബേറ്റില്‍ ബെല്‍ജിയം താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd June 2023, 3:21 pm

മെസിയാണോ റൊണാള്‍ഡോയാണോ മികച്ച കളിക്കാരനെന്നത് ഫുട്ബോള്‍ ആരാധകരെ പ്രതിസന്ധിയിലാക്കുന്ന ചോദ്യമാണ്. ഇരുവരും കരിയറില്‍ മത്സരിച്ചാണ് റെക്കോഡുകള്‍ വാരിക്കൂട്ടിയിട്ടുള്ളത്.

കഴിവിന്റെ കാര്യത്തില്‍ ഇരുവരെയും താരതമ്യപ്പെടുത്താന്‍ സാധ്യമല്ലാത്തതിനാല്‍ ടൈറ്റില്‍, ബാലണ്‍ ഡി ഓര്‍, എന്നിവയുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും താരതമ്യം ചെയ്യുന്നത്.

മെസിയോ റോണോയോ മികച്ച താരമെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബെല്‍ജിയം താരം ടോബി ആല്‍ഡെര്‍വെയ്റെല്‍ഡ്. ഇരു താരങ്ങള്‍ക്കെതിരെയും ടോബി കളത്തില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.

കളിക്കാരില്‍ മികച്ചതാരാണെന്ന ചോദ്യത്തിന് മെസി എന്നാണ് താരം മറുപടി നല്‍കിയത്. 2018ലെ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടന്‍ഹാം ബാഴ്സലോണയുമായി ഏറ്റുമുട്ടിയ മത്സരം അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ എല്ലായ്‌പ്പോഴും ഫീല്‍ഡില്‍ കളിക്കാരെ നിരീക്ഷിക്കാറുണ്ട്, പലപ്പോഴും അവരെ പഠിക്കാനും സാധിക്കാറുണ്ട്. പക്ഷേ മെസി, വെംബ്‌ളെയിലെ ആ രാത്രി ഞങ്ങള്‍ക്ക് 4-2ന് മത്സരം നഷ്ടപ്പെട്ടപ്പോള്‍ അസാധ്യ പ്രകടനമായിരുന്നു അദ്ദേഹം പുറത്തെടുത്തത്.

മെസി ശരിക്കുമൊരു അസാധ്യ കളിക്കാരനാണ്. നിങ്ങള്‍ക്കവനെ പിടിക്കാന് കഴിയില്ല. അദ്ദേഹം ചെയ്യുന്നതെല്ലാം വളരെ വേഗത്തിലായിരിക്കും. എനിക്ക് അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്നായിരുന്നു അപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നത്,’ ടോബി പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ മികച്ചത് ലയണല്‍ മെസിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോണോയുടെ കൂടെ പല തവണ കളിച്ചിട്ടുണ്ടെന്നും മെസിയൊരു പ്രതിഭയാണെന്നും ടോബി പറഞ്ഞു.

‘അതേ റൊണാള്‍ഡോയുമായും ഫീല്‍ഡില്‍ പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്, അദ്ദേഹം മികച്ച കളിക്കാരനുമാണ്. പക്ഷേ മെസിയുടെ കഴിവിനെ വെല്ലാന്‍ ആര്‍ക്കുമാകില്ല. അദ്ദേഹം ആര്‍ക്കും പിടി കൊടുക്കാത്ത കളിക്കാരനാണ്,’ ടോബി വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

ഇതിനിടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായ മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ് ദീര്‍ഘ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മെസി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം എം.എല്‍.എസ് ക്ലബ്ബുമായി സൈന്‍ ചെയ്യുക.

Content Highlights: Belgium player praises Lionel Messi