ഫിഫ ലോകകപ്പിലെ ആം ബാന്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി ബെല്‍ജിയം നായകന്‍ ഈഡന്‍ ഹസാര്‍ഡ്. മഴവില്‍ നിറത്തിലുള്ള ആം ബാന്‍ഡ് ധരിക്കാന്‍ അനുവദിക്കാത്തിനാല്‍ പ്രതിഷേധ സൂചകമായി ജര്‍മന്‍ ടീം അംഗങ്ങള്‍ വാ പൊത്തിയാണ് ടീം ഫോട്ടോക്ക് പോസ് ചെയ്തത്.
ജര്‍മനിയുടെ ഈ നടപടിക്ക് പിന്നാലെയാണ് വിഷയത്തില്‍ ഹസാര്‍ഡ് തന്റെ പ്രതീകരണവുമായി രംഗത്തെത്തിയത്.
മാധ്യമപ്രവര്‍ത്തകരോടുള്ള ഹസാര്‍ഡിന്റെ പ്രതികരണത്തെ ഉദ്ധരിച്ച് ആര്‍.എം.സി സ്‌പോര്‍ട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘അതെ, എന്നാല്‍ മത്സരത്തില്‍ അവര്‍ തോല്‍ക്കുകയാണ് ഉണ്ടായത്. അവര്‍ വെറുതെ പ്രതിഷേധിക്കാന്‍ നില്‍ക്കാതെ മികച്ച പ്രകടനം പുറത്തെടുക്കാനും വിജയിക്കാനുമായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്.
ഞങ്ങളിവിടെ ഫുട്‌ബോള്‍ കളിക്കാനാണ് വന്നത്. അല്ലാതെ ഒരു തരത്തിലുള്ള പൊളിറ്റിക്കല്‍ മെസേജുകളും നല്‍കാനല്ല ഞാനിവിടെ എത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും അത് തന്നെയാണ് നല്ലത്. ഫുട്‌ബോളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ ഹസാര്‍ഡ് പറഞ്ഞു.
ഖത്തര്‍ ലോകകപ്പില്‍ മഴവില്‍ നിറത്തിലുള്ള ആം ബാന്‍ഡ് ധരിച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം ബെല്‍ജിയവും ഉണ്ടായിരുന്നു. എന്നാല്‍ ആം ബാന്‍ഡിന്റെ കാര്യത്തില്‍ ഫിഫ നിലപാട് കടുപ്പിച്ചതോടെ ബെല്‍ജിയം പിന്‍മാറുകയായിരുന്നു.
മഴവില്‍ ആം ബാന്‍ഡ് ധരിച്ച് കളി ആരംഭിക്കുകയാണെങ്കില്‍ മത്സരം ആരംഭിക്കുന്ന നിമിഷം തന്നെ യെല്ലോ കാര്‍ഡ് നല്‍കുമെന്നായിരുന്നു ഫിഫയുടെ ശാസനം. ഇക്കാര്യത്തിലും ഹസാര്‍ഡ് പ്രതീകരിച്ചു.
‘ഞാനതിനെ കുറിച്ച് സംസാരിക്കാന്‍ താത്പര്യപ്പെടുന്നില്ല, കാരണം ഫുട്‌ബോള്‍ കളിക്കാന്‍ വേണ്ടിയാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. അത് ധരിക്കുന്നതില്‍ നിന്നും ഞങ്ങളെ വിലക്കിയിരുന്നു.
ഒരു യെല്ലോ കാര്‍ഡ് വാങ്ങിച്ചുകൊണ്ട് മത്സരം ആരംഭിക്കാന്‍ എനിക്ക് താത്പര്യമില്ല, കാരണം ടൂര്‍ണമെന്റിലുടനീളം അതെന്നെ അലട്ടിക്കൊണ്ടിരിക്കും,’ ഹസാര്‍ഡ് പറഞ്ഞു.
അതേസമയം, തങ്ങളുടെ ആദ്യ മത്സരത്തില്‍ ബെല്‍ജിയം വിജയിച്ചിരുന്നു. കാനഡയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ബെല്‍ജിയം ലോകകപ്പ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്.
ഗ്രൂപ്പ് എഫില്‍ നവംബര്‍ 27നാണ് ബെല്‍ജിയത്തിന്റെ അടുത്ത മത്സരം. അല്‍ തുമാമ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ മൊറോക്കോയാണ് എതിരാളികള്‍.
Content Highlight: Belgium captain Eden Hazard slams Germany OneLove armband controversy