വമ്പന്മാരെല്ലാം തോറ്റ് മടങ്ങിയ ലോകകപ്പില്‍ ഏക ഏഷ്യന്‍ പ്രതീക്ഷയായ ജപ്പാന്‍ ഇന്നലെ ബെല്‍ജിയത്തിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ദയനീയ പരാജയമായിരുന്നു കണക്കുകൂട്ടിയത്. എന്നാല്‍ കരുത്തരായ ബെല്‍ജിയത്തെ തുടക്കം മുതലേ പ്രതിരോധ കോട്ടകൊണ്ട് പിടിച്ചുകെട്ടിയ ജപ്പാന്‍ ബെല്‍ജിയത്തെ ശരിക്കും വിറപ്പിക്കുകയായിരുന്നു.
ഗോള്‍ രഹിത സമനിലയില്‍ കലാശിച്ച ആദ്യ പകുതിക്ക് ശേഷം ജപ്പാന്‍ രണ്ടും കല്‍പ്പിച്ചായിരുന്നു ഇറങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലെ 48ാം മിനിട്ടില്‍ ഷിബസാക്കിയുടെ പാസില്‍ ഹരഗൂച്ചിയും 52ാം മിനിറ്റില്‍ ഷിന്‍ജി കവാഗയുടെ പാസില്‍ ഇനൂയിയും ബെല്‍ജിയത്തിന്റെ വലകുലുക്കി എതിരാളികളെ ഞെട്ടിക്കുകയായിരുന്നു.
ജപ്പാന്റെ ഇരട്ടഗോള്‍ പ്രഹരത്തിന് ആറ് മിനിട്ടിനിടെ രണ്ട് ഗോളുമായി ബെല്‍ജിയത്തിന്റെ ഗംഭീര മറുപടിയും വന്നു. 69ാം മിനിട്ടില്‍ വെര്‍ട്ടോഗന്റെ കിടിലന്‍ ഹെഡറാണ് ബെല്‍ജിയത്തിന് ജീവശ്വാസം പകര്‍ന്ന ആദ്യ ഗോള്‍ കുറിച്ചത്. 75 ാം മിനിട്ടില്‍ മൊറെയ്ന്‍ ഫെല്ലെയ്‌നിയുടെ ഹെഡറിലൂടെ വല കുലുക്കിയതോടെ മത്സരം 2-2 എന്ന നിലയിലായി. ആരാധകര്‍ കാത്തിരുന്ന വാശിയേറിയ പോരാട്ടം.
സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ അവസാന മിനിറ്റില്‍ നേസര്‍ ചാഡ് ലി പ്രതിരോധത്തെ കബളിപ്പിച്ച് മികച്ച ടീം വര്‍ക്കിലൂടെ ജപ്പാന്റെ നെഞ്ച് കീറി പന്ത് വലയിലെത്തിക്കുകയായിരുന്നു. ജപ്പാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍ കടന്നു.
മത്സരം കണ്ട ബെല്‍ജിയത്തിന്റെ കടുത്ത ആരാധകര്‍ പോലും ജപ്പാന് വേണ്ടി എഴുന്നേറ്റ് നിന്ന് കയ്യടിച്ചിട്ടുണ്ടാവും. ലോകകപ്പിലെ ഇത്രമാത്രം ത്രില്ലടിപ്പിക്കുകയും ആവേശം നിറക്കുകയും ചെയ്ത മത്സരം ഉണ്ടായിട്ടുണ്ടാവില്ല. ജപ്പാന്റെ പോരാട്ടവീര്യത്തെ ട്രോളുകളിലൂടെയാണ് മലയാളി ആരാധകര്‍ ആഘോഷിച്ചത്.
ഇഷ്ടതാരങ്ങളും ഇഷ്ടടീമുകളും കളം വിട്ട ലോകകപ്പ് ശൂന്യമാകുമെന്ന് വിധിയെഴുതിയ ആരാധകരെല്ലാം ജപ്പാന്റെ മനോഹര കളികണ്ട് ആരു പോയാലും ലോകകപ്പ് ശൂന്യമല്ലെന്ന് പ്രഖ്യാപിക്കുകയാണ് ഈ മത്സരത്തിലൂടെ.
രസകരമായ ട്രോളുകള്‍ കാണാം