ബെലോ ഹെറിസോണ്ട: താരബാഹുല്യത്താല്‍ ബ്രസീല്‍ ലോകക്കപ്പിലെ കറുത്ത കുതിരകളെന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയ ബെല്‍ജിയം ഗ്രൂപ്പ് എച്ചില്‍ ജയത്തോടെ കുതിപ്പു തുടങ്ങി. അള്‍ജീരിയയെ ഒന്നിനെതിര രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം പരാജയപ്പെടുത്തിയത്. വിജയികള്‍ക്കായി മൗറാനെ ഫെല്ലെയ്‌നിയും ഡാരിസ് മെര്‍ട്ടന്‍സും ഗോളുകള്‍ നേടിയപ്പോള്‍ അള്‍ജീരിയക്കായി സോഫിയാനോ ഫിഗൗളിയാണ് ഗോള്‍ മടക്കിയത്.
ബെല്‍ജിയത്തിന്റെ താരപകിട്ട് കണ്ട് പകയ്ക്കാതെ പന്ത് തട്ടിയ അള്‍ജീരിയയാണ് മത്സരത്തിലെ ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ നേടിയത്. ഇടത് വശത്ത് നിന്നും ബെല്‍ജിയത്തിന്റെ പെനാല്‍റ്റി ബോക്‌സിലേക്ക പറന്നിറങ്ങിയ ക്രോസില്‍ തലവെക്കാനായി ഓടി വന്ന അള്‍ജീരിയന്‍ താരത്തെ പിടിച്ച് വലിച്ചിട്ടതിന് റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. കിക്കെടുത്ത വലന്‍സിയന്‍ താരമായ ഫിഗൗളിക്ക് പിഴച്ചില്ല.
ഇടത്തോട്ട് ചാടിയ ഗോള്‍ കീപ്പര്‍ തിബോട്ട് കുര്‍ട്ടോയിയെ കബളിപ്പിച്ച് പന്ത് വലയില്‍. കളിയുടെ എഴുപത് മിനിറ്റും അള്‍ജീരിയ ലീഡ് നിലനിര്‍ത്തി. ബെല്‍ജിയത്തിന്റെ പേര്‌കേട്ട താരനിര കളത്തില്‍ തീര്‍ത്തും മങ്ങിപ്പോയി. പരിക്കില്‍ നിന്നും മോചിതനായി ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച സ്റ്റാര്‍ സ്‌ട്രൈക്കര്‍ റെമേലു ലുക്കാക്കുവിന്റെ ഫിറ്റ്‌നസില്‍ സംശയം ഉയര്‍ത്തുന്നതായിരുന്നു ഗ്രൗണ്ടിലെ നീക്കങ്ങള്‍. പ്ലെ മേക്കര്‍ എഡിന്‍ ഹസാര്‍ഡ് ഫോമിലേക്കുയര്‍ന്നതോടെ ബെല്‍ജിയം കുതിപ്പ് തുടങ്ങി.
അള്‍ജീരിയയുടെ ഗോള്‍ പോസ്റ്റിലേക്ക് പന്തെത്തിതുടങ്ങി. എഴുപതാം മിനിട്ടിലായിരുന്നു ബെല്‍ജിയത്തിന്റെ സമനില ഗോള്‍ പിറന്നത്. ഹസാര്‍ഡില്‍ നിന്ന് തന്നെയായിരുന്നു ഗോളിലേക്ക് ബോളെത്തിയതും. കോര്‍ണര്‍ ഫഌഗിനടുത്തു നിന്ന ഹസാര്‍ഡ് പിന്നിലേക്ക് കൊടുത്ത പന്ത് കാലില്‍ സ്വീകരിച്ച ബെല്‍ജിയത്തിന്റെ ഏഴാം നമ്പര്‍ താരത്തിന്റെ ക്രോസ് അള്‍ജീരിയന്‍ പെനാല്‍റ്റി ബോക്‌സിലേക്ക്.
അളന്ന് മുറിച്ച് ഒരു തളികയിലെന്ന് വണ്ണം കൊടുത്ത ക്രോസില്‍ ഉയര്‍ന്ന് ചാടി ഫെല്ലെയ്‌നിയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍. നൈജീരിയന്‍ ഗോളിയെ കീഴ്‌പ്പെടുത്തി പന്ത് നെറ്റില്‍. ബെല്‍ജിയത്തിന്റെ വിജയ ഗോളിന്റെ ശില്‍പ്പിയും ഹസാര്‍ഡായിരുന്നു. ഹസാര്‍ഡ് നല്‍കിയ പാസ് സ്വീകരിച്ച മെര്‍ട്ടന്‍സ് തൊടുത്ത വലം കാല്‍ കൊണ്ടുള്ള ഉഷിരന്‍ ഷോട്ട് അള്‍ജീരിയന്‍ ഗോളിക്ക് ഒന്ന് തൊടാന്‍ പോലും കഴിയാത്ത വേഗത്തില്‍ നെറ്റിനെ ചുംബിച്ചു.