| Tuesday, 27th October 2020, 5:18 pm

രോഗവ്യാപനം രൂക്ഷം, ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ല; കൊവിഡ് ബാധിതരായ ഡോക്ടര്‍മാരും ജോലിക്കെത്തണമെന്ന് ആവശ്യപ്പെട്ട് ബെല്‍ജിയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസ്സല്‍സ്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബെല്‍ജിയത്തില്‍ രോഗ ബാധിതരായ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ജോലിക്ക് കയറാന്‍ നിര്‍ദ്ദേശം.

നിലവില്‍ ബെല്‍ജിയത്തില്‍ നിരവധിപേര്‍ രോഗബാധിതരായിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗികളെ ചികിത്സിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

ഈ പശ്ചാത്തലത്തിലാണ് രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരോടും ജോലിയ്‌ക്കെത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.

ചില ആശുപത്രികളില്‍ കൊവിഡ് പോസിറ്റീവായ എന്നാല്‍ രോഗ ലക്ഷണമില്ലാത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരോട് ജോലിക്ക് കയറാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ബെല്‍ജിയത്തിലെ ലിയേഗം നഗരത്തിലെ പത്തിലേറെ ആശുപത്രികളില്‍ ഈ നിര്‍ദേശം നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഭൂരിഭാഗം ആശുപത്രിയിലും സമാന സാഹചര്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശൈത്യകാലമെത്തുന്നതോടെ രോഗം നിയന്ത്രണം വിട്ട് പടരുന്നതും രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അതിനിടെ അധികൃതരുടെ ഈ നിര്‍ദേശങ്ങളോട് തങ്ങള്‍ക്ക് എതിര്‍ത്ത് ഒന്നും പറയാനാകില്ലെന്ന് ബെല്‍ജിയന്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ യൂണിയന്‍സ് തലവന്‍ ബി.ബി.സിയോട് പ്രതികരിച്ചു.

ഡോക്ടര്‍മാര്‍ കൂടി എത്തിയില്ലെങ്കില്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നും ഇവര്‍ പറയുന്നു.

രാജ്യത്ത് രോഗവ്യാപനം രൂക്ഷമായതിനാല്‍ സ്‌കൂളുകളില്‍ അധ്യാപകരോ, സേവനത്തിന് പൊലീസുകാരോ ഇല്ലാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ബെല്‍ജിയത്തില്‍ കഴിഞ്ഞ ദിവസം മാത്രം 15,600 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്.

അതേസമയം ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19 രണ്ടാം വ്യാപന ഭീഷണി അതിരൂക്ഷമായി തുടരുകയാണ്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്പെയിനില്‍ കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Covid 19 Belgium Doctors

We use cookies to give you the best possible experience. Learn more