| Tuesday, 4th October 2022, 9:17 pm

രണ്ട് താരത്തിനൊപ്പവും കളിച്ചിട്ടുണ്ട്, പക്ഷെ എന്റെ കണ്ണ് തുറപ്പിച്ചത് അവൻ മാത്രമാണ്; ഇഷ്ട താരത്തെ വെളിപ്പെടുത്തി ബെൽജിയൻ ഡിഫന്‍ഡര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മെസിയാണോ റൊണാൾഡോയാണോ മികച്ച കളിക്കാരനെന്നത് ഫുട്‌ബോൾ ആരാധകരെ പ്രതിസന്ധിയിലാക്കുന്ന ചോദ്യമാണ്. ഇരുവരും കരിയറിൽ മത്സരിച്ചാണ് റെക്കോഡുകൾ വാരിക്കൂട്ടിയിട്ടുള്ളത്.

കഴിവിന്റെ കാര്യത്തിൽ ഇരുവരെയും താരതമ്യപ്പെടുത്താൻ സാധ്യമല്ലാത്തതിനാൽ ടൈറ്റിൽ, ബാലൺ ഡി ഓർ, എന്നിവയുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും താരതമ്യം ചെയ്യുന്നത്.

മെസിയോ റോണോയോ മികച്ച താരമെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബെൽജിയം താരം ടോബി ആൽഡെർവെയ്‌റെൽഡ്. ഇരു താരങ്ങൾക്കെതിരെയും ടോബി കളത്തിൽ ഏറ്റുമുട്ടിയിട്ടുണ്ട്.

കരിയറിൽ അടുത്തറിഞ്ഞ കളിക്കാരിൽ മികച്ചതാരാണെന്ന ചോദ്യത്തിന് മെസി എന്നാണ് താരം മറുപടി നൽകിയത്. 2018ലെ ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാം ബാഴ്‌സലോണയുമായി ഏറ്റുമുട്ടിയ മത്സരം അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഞാൻ എല്ലായ്പ്പോഴും ഫീൽഡിൽ കളിക്കാരെ നിരീക്ഷിക്കാറുണ്ട്, പലപ്പോഴും അവരെ പഠിക്കാനും സാധിക്കാറുണ്ട്. പക്ഷേ മെസി, വെമ്പ്‌ളെയിലെ ആ രാത്രി ഞങ്ങൾക്ക് 4-2ന് മത്സരം നഷ്ടപ്പെട്ടപ്പോൾ അസാധ്യ പ്രകടനമായിരുന്നു അദ്ദേഹം പുറത്തെടുത്തത്. മെസി ശരിക്കുമൊരു അസാധ്യ കളിക്കാരനാണ്. നിങ്ങൾക്കവനെ പിടിക്കാന് കഴിയില്ല. അദ്ദേഹം ചെയ്യുന്നതെല്ലാം വളരെ വേഗത്തിലായിരിക്കും. എനിക്ക് അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്നായിരുന്നു അപ്പോൾ ഞാൻ ചിന്തിച്ചിരുന്നത്,” ടോബി പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ചത് ലയണൽ മെസിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റോണോയുടെ കൂടെ പല തവണ കളിച്ചിട്ടുണ്ടെന്നും മെസിയൊരു പ്രതിഭയാണെന്നും ടോബി പറഞ്ഞു.

”അതേ റൊണാൾഡോയുമായും ഫീൽഡിൽ പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്, അദ്ദേഹം മികച്ച കളിക്കാരനുമാണ്. പക്ഷേ മെസിയുടെ കഴിവിനെ വെല്ലാൻ ആർക്കുമാകില്ല. അദ്ദേഹം ആർക്കും പിടി കൊടുക്കാത്ത കളിക്കാരനാണ്,” ടോബി വ്യക്തമാക്കി.

പി.എസ്.ജിയുടെ അവസാന ലീഗ് വൺ മത്സരത്തിൽ നീസിനെതിരായ ഗോൾ മെസിയുടെ കരിയറിലെ അറുപതാം ഫ്രീകിക്ക് ഗോളായിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 58 ഫ്രീകിക്ക് ഗോളുകൾ ലയണൽ മെസി മറികടന്നു.

ലയണൽ മെസി ക്ലബ്ബുകൾക്കായി 51 ഫ്രീ കിക്ക് ഗോളുകൾ നേടിയിട്ടുണ്ട്. ബാക്കിയുള്ള ഒമ്പത് ഗോൾ ദേശീയ ജഴ്സിയിലാണ്. ക്ലബ്ബുകൾക്കായി 33 ഗോളുകളും തന്റെ രാജ്യത്തിനായി 10 ഗോളുകളും ഉൾപ്പെടെ 48 ഗോളുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ടുണ്ട്.

Content Highlights: Belgian Defender Toby Alderweireld speaks about Lionel Messi and Cristiano Ronaldo

We use cookies to give you the best possible experience. Learn more