ലോകകപ്പിലെ അട്ടിമറികള്‍ ഒരിക്കലും അവസാനിക്കില്ലെന്ന് അടിവരയിട്ടുകൊണ്ടായിരുന്നു മൊറോക്കോ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അറ്റ്‌ലസ് ലയണ്‍സ് റെഡ് ഡെവിള്‍സിനെ തകര്‍ത്തെറിഞ്ഞത്.
ടീമിന്റെ തോല്‍വിക്ക് പിന്നാലെ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രുയ്‌നിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായിരുന്നു. തങ്ങള്‍ക്ക് പ്രായമായെന്നും പല മികച്ച താരങ്ങളും ടീമില്‍ നിന്നും പുറത്തായെന്നുമായിരുന്നു താരം പറഞ്ഞത്.
ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ലോകകപ്പിലെ സാധ്യതകളെ കുറിച്ച് വിലയിരുത്തുമ്പോഴായിരുന്നു ഡി ബ്രുയ്ന്‍ ഇക്കാര്യം പറഞ്ഞത്.
‘ഒരു സാധ്യതയുമില്ല, ഞങ്ങള്‍ക്ക് പ്രായമേറിയിരിക്കുന്നു. എനിക്ക് തോന്നുന്നത് 2018ലായിരുന്നു ഞങ്ങള്‍ക്ക് എന്തെങ്കിലും സാധ്യതകളുണ്ടായിരുന്നത്. ഞങ്ങള്‍ക്ക് മികച്ച ടീമുണ്ട്, പക്ഷേ ആ ടീമിന് പ്രായമേറി വരികയാണ്.
ചില മികച്ച താരങ്ങളെ നമുക്ക് നഷ്ടമായി. പുതിയ പല താരങ്ങളും ടീമിലേക്ക് വരുന്നുണ്ട്. എന്നാല്‍ 2018ലെ ടീമിന് പകരം വെക്കാവുന്ന തരത്തിലൊന്നും അവരെത്തിയിട്ടില്ല,’ എന്നായിരുന്നു ഡി ബ്രുയ്ന്‍ പറഞ്ഞത്.
30 വയസിന് പ്രായമുള്ള ഏഴ് താരങ്ങളുമായിട്ടാണ് ബെല്‍ജിയം ഖത്തറിലേക്ക് പറന്നത്.
എന്നാല്‍ ഡിബ്രൂയ്‌നിന്റെ വാക്കുകളെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബെല്‍ജിയന്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ്. ഇതാദ്യമായാണ് ഡി ബ്രുയ്ന്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നായിരുന്നു മാര്‍ട്ടിനസ് പറഞ്ഞത്.
മാര്‍ട്ടിനസിന്റെ വാക്കുകളെ ഉദ്ധരിച്ച് മിററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഇതാദ്യമായാണ് ഞാന്‍ കെവിന്‍ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്നത് കേള്‍ക്കുന്നത്. ലോകകപ്പിന്റെ സമയത്ത് താരങ്ങള്‍ എല്ലാ ദിവസവും മാധ്യമങ്ങളോട് സംസാരിക്കേണ്ടി വന്നേക്കും.
അവിടെ സംസാരിക്കുന്ന 90 ശതമാനം കാര്യങ്ങളും പോസിറ്റീവ് രീതിയിലുള്ളത് തന്നെയായിരിക്കുകയും ചെയ്യും. എന്നാല്‍ സന്ദര്‍ഭത്തിന് ചേരാത്ത ഒന്നോ രണ്ടോ വാക്കുകളോ വരികളോ എല്ലായ്‌പ്പോഴും ഉണ്ടാകും.
ഒരു കളിക്കാരന് അവന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ ആറ് വര്‍ഷമായി ഒപ്പമുണ്ട്, ഇത്തരത്തിലുള്ള കമന്റുകള്‍ ഒരിക്കലും നിങ്ങളെ വിജയിക്കാന്‍ സഹായിക്കില്ല. അതൊരു ഡബിള്‍ ബ്ലഫായിരിക്കാം. തിരശീലക്ക് പിന്നില്‍ എന്ത് സംഭവിക്കുന്നോ എന്നതാണ് പ്രധാനം,’ മാര്‍ട്ടിനസ് പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ തോല്‍വിക്ക് പിന്നാലെ ബെല്‍ജിയം ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ മൂന്നാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മൊറോക്കോ ബെല്‍ജിയത്തെ തകര്‍ത്തുവിട്ടത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമും കൊണ്ടും കൊടുത്തും ഒരടി പോലും വിട്ടുകൊടുക്കാതെ മുന്നേറിയപ്പോള്‍ ഗോള്‍ രഹിത സമനിലയിലായിരുന്നു പിരിഞ്ഞത്. എന്നാല്‍ മത്സരത്തിന്റെ റോമൈന്‍ സയാസിലൂടെ അറ്റ്‌ലസ് ലയണ്‍സ് മുന്നിലെത്തി. അധിക സമയത്ത് സക്കറിയ നേടിയ ഗോള്‍ കൂടിയായപ്പോള്‍ മത്സരത്തില്‍ ഒരു തിരിച്ചുവരവിന് പോലും സാധ്യതയില്ലാതെ ബെല്‍ജിയം തകരുകയായിരുന്നു.
അടുത്ത മത്സരത്തില്‍ ക്രൊയേഷ്യയെ തോല്‍പിച്ചാല്‍ മാത്രമേ ബെല്‍ജിയത്തിന് നോക്കൗട്ടിലേക്ക് കടക്കാന്‍ സാധിക്കൂ.
Content Highlight: Belgian coach against Kevin De Bruyne