ടെഹ്റാൻ: ചാര പ്രവർത്തനം ആരോപിച്ച് ബെൽജിയൻ പൗരന് 40 വർഷത്തെ തടവും 74 ചാട്ടവാറടിയും ശിക്ഷ വിധിച്ച് ഇറാൻ കോടതി.
മുൻ ജീവകാരുണ്യ പ്രവർത്തകനായ ഒലിവർ വാൻഡെകാസ്റ്റീലിനാണ് (41) വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നാണ് ഇറാനിയൻ കോടതി ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
നിരവധി കുറ്റങ്ങളിൽ പ്രതിയാക്കപ്പെട്ട ഒലിവർ വാൻഡെകാസ്റ്റീലിന് എല്ലാ കുറ്റങ്ങൾക്കും കൂടി ചേർത്താണ് 40 വർഷത്തെ തടവ് ശിക്ഷയും ചാട്ടവാറടിയും വിധിക്കപ്പെട്ടത്.
യു.എസ്.എയുടെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ തകർക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ട് നിന്നതിനും, ചാര പ്രവർത്തനത്തിനും പന്ത്രണ്ടര വർഷം തടവ്. രാജ്യത്തേക്ക് അനധികൃതമായി വിദേശ കറൻസി കടത്തിയ കേസിൽ രണ്ടര വർഷം തടവും 74 ചാട്ടവാറടിയും ഒരു മില്യൺ യു.എസ് ഡോളർ പിഴയും. അനധികൃത പണമിടപാട് കേസുകൾക്ക് പന്ത്രണ്ടര വർഷം തടവ്. എന്നിങ്ങനെയാണ് ഇറാനിലെ കോടതി ഒലിവർ വാൻഡെകാസ്റ്റീലിന് ശിക്ഷ വിധിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി മാസം മുതൽ ഇറാനിൽ തടവിൽ കഴിയുകയാണ് ഒലിവർ വാൻഡെകാസ്റ്റീൽ.
കഴിഞ്ഞയാഴ്ച്ച ഇറാനിലെ ഒരു അർദ്ധ ഔദ്യോഗിക വാർത്താ വെബ്സൈറ്റായ തസ്നിം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, ആതുര സേവനങ്ങൾക്കും എന്ന വ്യാജേന ഒലിവർ വാൻഡെകാസ്റ്റീൽ ഇറാനിൽ നുഴഞ്ഞു കയറുകയും യു.എസ് സർക്കാരിന് വേണ്ടി ചാര പ്രവർത്തനവും അനധികൃത പണമിടപാടുകളും നടത്തിയതായി റിപ്പോട്ട് ചെയ്തിരുന്നു.
എന്നാൽ വാൻഡെകാസ്റ്റീൽ ആരോപണങ്ങളെയെല്ലാം നിഷേധിച്ചിരുന്നു. അദ്ദേഹത്തെ തടവിലാക്കിയ ഇറാന്റെ നടപടിയെ “നിയമവിരുദ്ധം” എന്നാണ് ബെൽജിയം സർക്കാർ അധികൃതർ വിശേഷിപ്പിച്ചിട്ടുള്ളത്.
വിദേശികളെയും ഇരട്ട പൗരത്വമുള്ളവരെയും ചാര പ്രവർത്തന സാധ്യത കണക്കിലെടുത്ത് ഇറാൻ നിരീക്ഷിച്ചു വരുന്നുണ്ട്.
2018ൽ ഫ്രാൻസിൽ ബോംബാക്രമണത്തിന് പദ്ധതിയിട്ടെന്ന പേരിൽ അസദുല്ലാ അസദി എന്ന ഇറാനിയൻ പൗരനെ ബെൽജിയം അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഇറാനും ബെൽജിയവും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.
മഹ്സ അമിനിയെന്ന കുർദിഷ് യുവതിയെ ശിരോവസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് മത പൊലീസ് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങളിൽ ഇറാനും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറനീക്കി പുറത്ത് വന്നിരുന്നു.
Content Highlights: Belgian citizen sentenced to 40 years in prison and 74 lashes in Iran for espionage