ഞങ്ങളുടെ അവസ്ഥ കണ്ട് മോഹന്‍ലാല്‍ സാര്‍ ഒരു അസിസ്റ്റന്റ് ഡയറക്ടറെപ്പോലെ പണിയെടുത്തു: ബിജോയ് നമ്പ്യാര്‍
Entertainment
ഞങ്ങളുടെ അവസ്ഥ കണ്ട് മോഹന്‍ലാല്‍ സാര്‍ ഒരു അസിസ്റ്റന്റ് ഡയറക്ടറെപ്പോലെ പണിയെടുത്തു: ബിജോയ് നമ്പ്യാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th March 2024, 8:18 am

മണിരത്‌നത്തിന്റെ അസിസ്റ്റന്റായി കരിയര്‍ തുടങ്ങിയ സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. 2011ല്‍ ശൈത്താന്‍ എന്ന സിനിമ സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായകനായി. 2016ല്‍ ദുല്‍ഖറിനെ നായകനാക്കി സോളോ എന്ന ആന്തോളജി സിനിമ സംവിധാനം ചെയ്ത് മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു. വ്യത്യസ്ത സിനിമകള്‍ ചെയ്ത് ഇന്‍ഡസ്ട്രിയില്‍ തന്റെ സാന്നിധ്യമറിയിച്ച സംവിധായകനാണ് ബിജോയ്. അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പോര്‍ ആണ് ബിജോയുടെ പുതിയ ചിത്രം.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ കരിയറിന്റെ തുടക്കകാലത്ത് മോഹന്‍ലാലിനെ വെച്ച് ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ ഓര്‍മകള്‍ പങ്കുവെച്ചു. റിഫ്‌ളക്ഷന്‍സ് എന്ന ഷോര്‍ട്ട് ഫിലിം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു. ഇന്‍ഡസ്ട്രിയില്‍ പുതുമുഖമായ തന്റെ ഷോര്‍ട്ട് ഫിലിമില്‍ മോഹന്‍ലാലിനെപ്പോലെ ഒരു വലിയ നടന്‍ അഭിനയിച്ചപ്പോള്‍ ഉള്ള അനുഭവം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് ബിജോയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘യാതൊരു എക്‌സ്പീരിയന്‍സുമില്ലാത്ത ഒരാളായിരുന്നു ഞാന്‍ ആ സമയത്ത്. ലാല്‍ സാര്‍ ഓക്കെ പറഞ്ഞത് അതിന്റെ ക്രൂവിനെ കണ്ടിട്ടാണ്. അതിലെ സിനിമാട്ടോഗ്രാഫര്‍ നല്ല എക്‌സ്പീരിയന്‍സുള്ള ആളാണ്. ബാക്കി ടെക്‌നീഷ്യന്‍സും നല്ല എക്‌സ്പീരിയന്‍സ്ഡാണ്. എനിക്ക് ആ സമയത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഉണ്ടായിരുന്നില്ല . ഞാനും എന്റെ സിനിമാട്ടോഗ്രാഫറും കൂടിയാണ് എല്ലാം അറേഞ്ച് ചെയ്തത്. ലാല്‍ സാര്‍ സെറ്റില്‍ എത്തിയപ്പോള്‍ അദ്ദേഹം ഇതൊക്കെ ശ്രദ്ധിച്ചു.

പിന്നീട് ഓരോ സീനിനും വേണ്ട അറേഞ്ച്‌മെന്റ്‌സ് ചെയ്യാന്‍ അദ്ദേഹവും ഞങ്ങളുടെ കൂടെ കൂടി. ആ സമയത്തെ അവസ്ഥയില്‍ ലാല്‍ സാറിന് വേണ്ടി മാത്രമേ വാനിറ്റി വാന്‍ അറേഞ്ച് ചെയ്യാന്‍ പറ്റിയുള്ളൂ. ബാക്കി ആര്‍ട്ടിസ്റ്റുകള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേറെ വഴി നോക്കുന്നത് കണ്ട ലാല്‍ സാര്‍, അവരോട് അദ്ദേഹത്തിന്റെ വാന്‍ ഉപയോഗിക്കാന്‍ പറഞ്ഞു. എല്ലാ ആര്‍ട്ടിസ്റ്റുകളെയും അദ്ദേഹം കംഫര്‍ട്ടാക്കി വെക്കുകയായിരുന്നു. ശരിക്ക് പറഞ്ഞാല്‍ ഒരു അസിസ്റ്റന്റ് ഡയറക്ടറിനെപ്പോലെ വര്‍ക്ക് ചെയ്തു. അദ്ദേഹത്തെപ്പോലൊരു വലിയ നടന്‍ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നെങ്കിലും ലാല്‍ സാര്‍ അതൊക്കെ ചെയ്തു. ഇതൊക്കെയാണ് അദ്ദേഹത്തോടുള്ള ബഹുമാനം കൂട്ടുന്നത്,’ ബിജോയ് പറഞ്ഞു.

Content Highlight: Bejoy Nambiar shares the experience of his first short film with Mohanlal