|

ഇന്ന് ലാലേട്ടന്‍ നില്‍ക്കുന്ന അവസ്ഥയില്‍ പണ്ട് മമ്മൂക്ക നിന്നിട്ടുണ്ട്, ഇത് മാറിയും തിരിഞ്ഞും വരും അതില്‍ കാര്യമില്ല: ബിജോയ് നമ്പ്യാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നത്തിന്റെ അസിസ്റ്റന്റായി കരിയര്‍ തുടങ്ങിയ സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. 2011ല്‍ ശൈത്താന്‍ എന്ന സിനിമ സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായകനായി. 2016ല്‍ ദുല്‍ഖറിനെ നായകനാക്കി സോളോ എന്ന ആന്തോളജി സിനിമ സംവിധാനം ചെയ്ത് മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു. വ്യത്യസ്ത സിനിമകള്‍ ചെയ്ത് ഇന്‍ഡസ്ട്രിയില്‍ തന്റെ സാന്നിധ്യമറിയിച്ച സംവിധായകനാണ് ബിജോയ്. അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പോര്‍ ആണ് ബിജോയുടെ പുതിയ ചിത്രം.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇപ്പോഴത്തെ സ്‌ക്രിപ്റ്റ് സെലക്ഷനെക്കുറിച്ച് ബിജോയ് സംസാരിച്ചു. ഇപ്പോള്‍ ഒരാളുടെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ നല്ലതും മറ്റൊരാളുടേത് മോശമാണെന്നും അഭിപ്രായപ്പെടേണ്ട ആവശ്യമില്ലെന്നും, ഇത്രയും കാലത്തെ കരിയറിനിടയിലും രണ്ട് പേരും വ്യത്യസ്തത പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുമാണെന്നും ബിജോയ് പറഞ്ഞു.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇപ്പോഴത്തെ സ്‌ക്രിപ്റ്റ് സെലക്ഷനുകളെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് ബിജോയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘ഇതേ കാര്യം നേരെ തിരിച്ച് സംഭവിച്ചിട്ടുണ്ടായിരുന്നു. ലാലേട്ടന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ ഗംഭീരവും മമ്മൂക്കയുടേത് കുറച്ച് പിന്നോട്ടുമായിരുന്നു. ഇപ്പോള്‍ അത് റിവേഴ്‌സില്‍ സംഭവിക്കുന്നെന്ന് മാത്രം. ഇനി നാളെ ചിലപ്പോള്‍ വീണ്ടും മാറിയേക്കാം. രണ്ടുപേരും ഇന്‍ട്രെസ്റ്റിങായ സബ്ജക്ടുകള്‍ ചെയ്യുകയും നല്ല പ്രൊജക്ടുകളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. നാലോ അഞ്ചോ പതിറ്റാണ്ടായി നല്ല ഫിലിംമേക്കേഴ്‌സിന് അവര്‍ രണ്ടുപേരും അവസരം കൊടുക്കുന്നുണ്ട്.

ലാലേട്ടന്‍ എന്നു പറയുന്നത് ഒരു ഫിനോമിനല്‍ ആക്ടറാണ്. അദ്ദേഹം ഈയടുത്ത് നടത്തിയ ഏറ്റവും ധൈര്യപൂര്‍വമായ തീരുമാനമാണ് മലൈക്കോട്ടൈ വാലിബന്‍. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ അവസ്ഥയിലും ഇങ്ങനെയൊരു പരീക്ഷണത്തിന് തയാറാകുക എന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്. അതുകൂടാതെ അദ്ദേഹം ഒരു സിനിമ സംവിധാനവും ചെയ്യുന്നുണ്ട്. ഇതൊക്കെ ആരും അധികം പരീക്ഷിക്കാത്ത സംഗതിയാണ്,’ ബിജോയ് പറഞ്ഞു.

Content Highlight: Bejoy Nambiar’s statement about Mammootty and Mohanlal’s script selection in recent times