| Thursday, 15th February 2024, 9:04 pm

'പൊലീസ് ഞങ്ങളോട് പെരുമാറുന്നത് പാകിസ്ഥാനികളെന്ന പോലെ; ശംഭു അതിർത്തി ഇന്ത്യ-പാക് അതിർത്തി പോലെ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഹരിയാന അതിർത്തിയിൽ പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ആക്രമണത്തിൽ പരിക്കേറ്റ് നിരവധി കർഷകർ രാജ്പുരയിലെ ആശുപത്രിയിൽ ചികിത്സയിൽ.

പഞ്ചാബിലെ താൺ തരൻ ജില്ലയിൽ ഇന്ത്യ -പാകിസ്ഥാൻ അതിർത്തിക്കടുത്ത് താമസിക്കുന്ന 71കാരനായ ജസ്പാൽ സിങ് എന്ന കർഷകൻ പറയുന്നത് ജീവിതത്തിലൊരിക്കലും ശംഭു അതിർത്തിയിലേത് പോലെയുള്ള ഏറ്റുമുട്ടൽ കണ്ടിട്ടില്ലെന്നാണ്.

പട്ടിയാലയിലെ രാജപുര നഗരത്തിലെ സർക്കാർ ആശുപത്രിയിൽ എമർജൻസി വാർഡിൽ ചികിത്സയിലാണ് ജസ്‌പാൽ സിങ്.

2020ലെ കർഷക സമരത്തിലും താൻ പങ്കെടുത്തിരുന്നു അന്ന് പോലീസിന്റെ അതിക്രമം ഇത്ര അതിരു കടന്നില്ലെന്നും അദ്ദേഹം പറയുന്നു.

തങ്ങളോട് പാകിസ്ഥാനികളോട് എന്ന പോലെയാണ് പൊലീസ് പെരുമാറുന്നതെന്ന് 24 കാരനായ രഞ്ജിത്ത് സിങ് ദി വയറിനോട് പറഞ്ഞു.

‘ഞങ്ങൾ പാകിസ്ഥാനിൽ നിന്ന് വന്നവരെന്ന പോലെയാണ് പെരുമാറിയത്. ശംഭു അതിർത്തി ഇന്ത്യ – പാകിസ്ഥാൻ അതിർത്തി എന്ന പോലെയും,’ രഞ്ജിത്ത് സിങ് പറഞ്ഞു.

സമാധാനമായി പ്രതിഷേധിക്കുന്നവരെ ഡൽഹിയിലേക്ക് പോകുന്നതിൽ നിന്ന് തടയാൻ മൂർച്ചയേറിയ മുള്ളുകമ്പികളാണ് ഉപയോഗിച്ചത് എന്നും ഒന്ന് തൊട്ടാൽ പോലും ഒരാളെ പരിക്കേൽപ്പിക്കാൻ കഴിയുന്നതാണ് ഇതെന്നും രഞ്ജിത്ത് സിങ് പറഞ്ഞു.

കർഷകരെ പരമാവധി പരിക്കേൽപ്പിക്കാൻ കാലഹരണപ്പെട്ട കണ്ണീർവാദക ഷെല്ലുകൾ പോലും സർക്കാർ ഉപയോഗിച്ച് എന്നും കർഷകർ ആരോപിക്കുന്നുണ്ട്.

ഡ്രോണുകൾ വഴി കർഷകർക്ക് നേരെ പൊലീസ് പ്രയോഗിച്ച കണ്ണീർവാതകം തടയാൻ കർഷകർ മുൾത്താണി മിട്ടിയും ടൂത്ത് പേസ്റ്റും ഉപയോഗിച്ചിരുന്നു.

ഫെബ്രുവരി 14ന് രാജ്യത്തുടനീളം വസന്ത് പഞ്ചമി ആഘോഷിക്കുന്നതിന്റെ ഭാഗമായി കർഷകർ പട്ടങ്ങൾ പറത്തിയിരുന്നു. ഇത് യാദൃശ്ചികമായി ഡ്രോണുകൾ തടയാൻ ഉപകരിച്ചു എന്നും കർഷകർ പറയുന്നു.

സമരത്തിൽ പരിക്കേറ്റ മുഴുവൻ കർഷകരുടെയും ചികിത്സാ ചെലവ് പഞ്ചാബ് സർക്കാർ വഹിക്കുമെന്നും ഹരിയാന അതിർത്തി മുഴുവൻ ആശുപത്രികളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അടിയന്തര സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കും എന്നും പഞ്ചാബ് ആരോഗ്യ വകുപ്പ് മന്ത്രി ബൽബീർ സിങ് അറിയിച്ചിരുന്നു.

Content Highlight: ‘Being Treated as If We Are From Pakistan and Shambhu Barrier Is India-Pak Border’

We use cookies to give you the best possible experience. Learn more