| Wednesday, 31st January 2024, 5:22 pm

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇലക്ട്രിക് ഷോക്ക്; പാർലമെന്റ് പ്രതിഷേധ കേസിൽ പൊലീസിനെതിരെ പ്രതികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പാർലമെന്റിൽ പ്രതിഷേധം നടത്തിയ കേസിൽ ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതികൾ.

കുറ്റസമ്മതം നടത്താനും രാഷ്ട്രീയ നേതാക്കളുടെ പേര് പറയാനും ക്രൂര പീഡനം നടത്തിയെന്നാണ് ആരോപണം.

ഇലക്ട്രിക് ഷോക്ക് നൽകിയത് ഉൾപ്പെടെ കുറ്റസമ്മതത്തിന് പൊലീസ് മൂന്നാംമറ പ്രയോഗിച്ചുവെന്നാണ് പ്രതികൾ പാട്യാല ഹൗസ് കോടതിയിൽ അറിയിച്ചത്.

പാർലമെന്റിൽ സുരക്ഷാ ലംഘനം നടത്തി അതിക്രമിച്ചു കയറിയ കേസിൽ അറസ്റ്റിൽ ആയ ആറുപേരിൽ അഞ്ച് പ്രതികളാണ് പാട്യാല കോടതിയിൽ പൊലീസിനെതിരെയുള്ള ആരോപണങ്ങൾ അറിയിച്ചത്.

കേസിൽ പ്രതിയായ നീലം ആസാദ്‌, 52 വെള്ളക്കടലാസുകളിൽ തന്നെ നിർബന്ധിച്ചു ഒപ്പുവെപ്പിച്ചു എന്നും കോടതിയെ അറിയിച്ചു.

ആരോപണങ്ങളിൽ പൊലീസിനോട് കോടതി വിശദീകരണം തേടി. ഫെബ്രുവരി 17ലേക്ക് പ്രതികളുടെ ഹരജിയിൽ വാദം കേൾക്കാൻ മാറ്റിവെച്ചു.

മാർച്ച് ഒന്നുവരെ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുവാനും പാട്യാല കോടതി കോടതി ഉത്തരവിട്ടു.

മനോരഞ്ജൻ ഡി., സാഗർ ശർമ, ലളിത് ഝാ, അമോൽ ഷിൻഡെ, മഹേഷ്‌ കുമാവാത് എന്നിവർ നേരത്തെ നുണപരിശോധനക്ക് സന്നദ്ധരാണെന്ന് അറിയിച്ചിരുന്നു. കേസിൽ ആറാം പ്രതിയായ നീലം ആസാദ്‌ നുണപരിശോധനക്ക് വിധേയയാകാൻ വിസമ്മതിച്ചു.

പാർലമെന്റ് വാർഷിക ദിനത്തിൽ ഡിസംബർ 13നാണ് കേസിനാസ്പദമായ സംഭവം. രാജ്യത്ത് ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യത്തോടുകൂടി രണ്ട് യുവാക്കൾ കളർ സ്മോക്കുകളുമായി ലോക്സഭയിൽ എം.പിമാർ ഇരിക്കുന്ന ചെമ്പറിലേക്ക് എടുത്തു ചാടുകയായിരുന്നു.

വന്ദേമാതരം, ജയ് ഭീം, ഭാരത് മാതാ കി ജയ് എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് പാർലമെന്റിന് പുറത്തും സർക്കാരിനെതിരെ മറ്റു രണ്ടുപേർ പ്രതിഷേധിച്ചിരുന്നു.

CONTENT HIGHLIGHT: Being tortured to accept association with ‘a political party‘, five Parliament security breach case accused tell Court

We use cookies to give you the best possible experience. Learn more