കേരളത്തില്‍ ജനിച്ചത് കൊണ്ടും ദളിതായത് കൊണ്ടും മാറ്റി നിര്‍ത്തപ്പെടുന്നു; തരൂരിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി: കൊടിക്കുന്നില്‍ സുരേഷ്
Kerala News
കേരളത്തില്‍ ജനിച്ചത് കൊണ്ടും ദളിതായത് കൊണ്ടും മാറ്റി നിര്‍ത്തപ്പെടുന്നു; തരൂരിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി: കൊടിക്കുന്നില്‍ സുരേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th February 2023, 2:17 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് ദളിത് വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ്. ദളിത് വിഭാഗത്തില്‍ നിന്ന് പ്രവര്‍ത്തക സമിതിയിലെത്താന്‍ യോഗ്യരായവര്‍ കേരളത്തിലുണ്ടെന്നും ഇതുവരെ ഉയര്‍ന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘ഞാന്‍ ഒരിക്കലും ഏതെങ്കിലും പദവി വേണമെന്ന് ആവശ്യപ്പെടുകയോ അതിന് വേണ്ടി ലോബിയിങ്ങിന് പോകുകയോ, ജാതി സമുദായങ്ങളെ കൂട്ട് പിടിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് ലഭിച്ച സ്ഥാനങ്ങള്‍ എന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. കേരളത്തില്‍ ജനിച്ചത് കൊണ്ടും ദളിത് ആയത് കൊണ്ടും പല പദവികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു. മറ്റ് ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ ഉയര്‍ന്ന പദവിയില്‍ എത്താമായിരുന്നു,’ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

തരൂരിന് പദവി നല്‍കുന്നതിനോട് എതിര്‍പ്പില്ലെന്നും തരൂരിന് നിരവധി അവസരങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വരാന്‍ പോകുന്ന ഒഴിവിലേക്ക് ശശി തരൂരിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം എം.പിമാര്‍ ഹൈക്കമാന്റിനെ സമീപിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിത വാര്‍ത്തകളാണ് പുറത്ത് വരുന്നതെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു. ഫെബ്രുവരി 18നകം എല്ലാ ജില്ലകളില്‍ നിന്നുള്ള പാനല്‍ സമര്‍പ്പിക്കാന്‍ കെ.പി.സി.സി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പാനല്‍ കെ.പി.സി.സിക്ക് ലഭിക്കുന്ന മുറയ്ക്ക് സമയബന്ധിതമായി തന്നെ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുനഃസംഘടനാ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി വന്നതിനു പിന്നാലെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ പുനഃസംഘടിപ്പിച്ചിരുന്നു. 14 ഡി.സി.സി പ്രസിഡന്റുമാരെയും മാറ്റുകയും, പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരവും നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് മാസങ്ങള്‍ മാത്രം ശേഷിക്കെ പുനര്‍ നിര്‍ണയിച്ച ഭൂരിപക്ഷം ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും പ്രവര്‍ത്തനം ശരാശരിയിലും താഴെ നില്‍ക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

 

content highlight: Being set aside by being born in Kerala and being Dalit; Tharoor was given more opportunities: kodikkunnil suresh