ന്യൂദല്‍ഹി: ഇ.ഡിക്കും ബി.ജെ.പിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ഇ.ഡി അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.
റാഞ്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇ.ഡിക്കെതിരെ ഹേമന്ത് സോറന്റെ ആരോപണം. തന്നെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇ.ഡിയുടെ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയാണ് റാഞ്ചിയിലെ പ്രത്യേക കോടതിയില്‍ ഹേമന്ത് സോറന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ‘അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. പ്രമുഖ പ്രതിപക്ഷ നേതാക്കളെ തല്ലിയും, ഭീഷണിപ്പെടുത്തിയും, അപമാനിച്ചും ബി.ജെ.പിക്കൊപ്പം ചേര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ നീക്കം നടക്കുന്നു,’ ഹേമന്ത് സോറന്‍ പറഞ്ഞു.
ബി.ജെ.പിക്കൊപ്പം ചേരാന്‍ വേണ്ടിയാണ് തന്നെ ഇ.ഡി അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ഹരജിയില്‍ ആരോപിച്ചു. ഏപ്രില്‍ 23നാണ് അദ്ദേഹത്തിന്റ ഹരജി കോടതി പരിഗണിക്കുന്നത്.
ഹേമന്ത് സോറന്റെ ഹരജിയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.
Content Highlight: ‘Being coerced into joining BJP’, alleges former Jharkhand CM Hemant Soren