ലഖ്‌നൗ: ഒരു രാഷ്ട്രീയക്കാരന്‍ എന്നതിന് അര്‍ത്ഥം കാര്‍ ഇടിപ്പിച്ച് ആരെയെങ്കിലും കൊല്ലുക എന്നതല്ലെന്ന് ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്.
ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരാളുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് വിജയിക്കേണ്ടത്. രാഷ്ട്രീയം എന്നത് നിങ്ങളുടെ സമൂഹത്തെയും നിങ്ങളുടെ രാഷ്ട്രത്തെയും സേവിക്കുന്നതിനാണ്. ജാതിയും മതവും നോക്കരുത്. ഒരു രാഷ്ട്രീയ നേതാവാകുക എന്നതിനര്‍ത്ഥം കൊള്ളയടിക്കുക എന്നല്ല,ഫോര്‍ച്യൂണര്‍ കാര്‍ ഉപയോഗിച്ച് ആരെയെങ്കിലും ഇടിച്ചുകൊല്ലുക എന്നല്ല’- സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.
പാവപ്പെട്ടവരെ സേവിക്കുന്നതിനാണ് നമ്മള്‍ ഈ പാര്‍ട്ടിയില്‍ ഉള്ളത്. രാഷ്ട്രീയം ഒരു പാര്‍ട്ട് ടൈം ജോലിയല്ലെന്നും സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒരു ദശാബ്ദക്കാലം രാജ്യത്തെ കൊള്ളയടിച്ചുവെന്നും സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും സ്വതന്ത്ര ദേവ് സിംഗ് പുകഴ്ത്തി. ലഖിംപൂരിലെ കര്‍ഷക സമരത്തിനിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ കാറോടിച്ച് കയറ്റി 8 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വതന്ത്ര ദേവിന്റെ പരാമര്‍ശം.
നേരത്തെ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധി രംഗത്ത് എത്തിയിരുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയുടെ കാര്‍ ഇടിച്ചുകയറ്റുന്ന വീഡിയോ വരുണ്‍ ഗാന്ധി പങ്കുവെച്ചിരുന്നു. ഇതില്‍ നിന്ന് എല്ലാം വ്യക്തമാണെന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് വരുണ്‍ പ്രതികരിച്ചത്. കൊന്നൊടുക്കിക്കൊണ്ട് പ്രതിഷേധത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും കര്‍ഷകര്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലഖിംപൂര്‍ ഖേരിയെ ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് തെറ്റായ ആഖ്യാനം മാത്രമാണെന്നും വരുണ്‍ പ്രതികരിച്ചിരുന്നു. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകള്‍ വീണ്ടും ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ദേശീയ ഐക്യത്തിന് മുകളിലായി രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം താക്കീത് ചെയ്തിരുന്നു.