| Monday, 12th June 2023, 5:37 pm

പെണ്‍കുട്ടിയായത് കൊണ്ട് പ്രത്യേക നേട്ടമൊന്നുമില്ല; എല്ലാവര്‍ക്കുമുള്ള സ്ട്രഗിളാണുണ്ടായത്: സ്റ്റെഫി സേവ്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘മധുര മനോഹര മോഹം’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കെത്തുകയാണ് മലയാള സിനിമയിലെ കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യര്‍. തനിക്ക് വുമണ്‍ ഡയറക്ടര്‍, ഫീമെയില്‍ ടെക്‌നീഷ്യന്‍ തുടങ്ങിയ ലേബല്‍ ഇഷ്ടമല്ലെന്ന് പറയുകയാണ് സ്റ്റെഫി.

പെണ്‍കുട്ടിയായത് കൊണ്ട് പ്രത്യേക അഡ്വാന്റേജോ, ഡിസ്അഡ്വാന്റേജോ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. തന്റെ ആണ്‍ സുഹൃത്തുക്കള്‍ എടുക്കുന്ന സ്ട്രഗിള്‍ തന്നെയാണ് താനും നേരിട്ടിട്ടുള്ളൂവെന്നും ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്‌റ്റെഫി പറഞ്ഞു.

‘കുറെ നാളുകളായിട്ട് കേള്‍ക്കുന്ന ടേമാണ് വുമണ്‍ ഡയറക്ടര്‍, ഫീമെയില്‍ ടെക്‌നീഷ്യന്‍ എന്നത്. വ്യക്തിപരമായി പറഞ്ഞാല്‍ കോസ്റ്റിയൂം ചെയ്യുമ്പോഴും ഇപ്പോഴും അങ്ങനൊരു ലേബല്‍ എനിക്ക് ഇഷ്ടമല്ല. എനിക്ക് അത് വേണ്ട താനും. ഞാനൊരു പെണ്‍കുട്ടിയായത് കൊണ്ട് എനിക്കൊരു അഡ്വാന്റേജോ ഡിസ്അഡ്വാന്റേജോ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

ഒരു പക്ഷേ ഞാന്‍ വളര്‍ന്നു വന്നതിലോ, വളര്‍ത്തിയതില്ലോ ഞാന്‍ പെണ്‍കുട്ടിയാണെന്ന തോന്നലുണ്ടായില്ല. നിങ്ങള്‍ പറയുമ്പോഴാണല്ലോ ഞാനൊരു പെണ്‍കുട്ടിയാണ്, ഞാനൊരു സിനിമ ഡയറക്ട് ചെയ്തു, ഇങ്ങനെയെല്ലാം തോന്നുന്നത്. എന്റെ ആണ്‍ സുഹൃത്തുക്കള്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, അസോസിയേറ്റ് തുടങ്ങിയ ആളുകള്‍ ഇന്‍ഡിപെന്‍ഡന്റായിട്ട് സിനിമ ചെയ്യാന്‍ വേണ്ടി അവരെടുക്കുന്ന ഒരു സ്ട്രഗിളുണ്ടല്ലോ അത് തന്നെയാണ് ഞാനും ഫേസ് ചെയ്തിട്ടുള്ളൂ.

ഞാന്‍ പെണ്‍കുട്ടിയായത് കൊണ്ട് എനിക്ക് എക്‌സ്ട്രാ ഉണ്ടായിട്ടില്ല. ഞാനീ പറഞ്ഞതിനര്‍ത്ഥം ഇത് വേറൊരു പെണ്‍കുട്ടിയും ഫേസ് ചെയ്യുന്നില്ലെന്നല്ല, ചെയ്യുന്നവരുണ്ടാകാം. എന്റെ കേസില്‍ അങ്ങനെയുണ്ടായിട്ടില്ലെന്നാണ് ഞാന്‍ പറഞ്ഞത്.

ഇനി എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഞാന്‍ പെണ്‍കുട്ടിയായത് കൊണ്ടാണെന്ന തിരിച്ചറിവ് എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ ഞാന്‍ എടുത്തിട്ടുണ്ടാകില്ല,’ സ്റ്റെഫി പറഞ്ഞു.

രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദീന്‍, ബിന്ദു പണിക്കര്‍ എന്നിവരാണ് മധുര മനോഹര മോഹത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വിജയ രാഘവന്‍, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഹിഷാം അബ്ദുല്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.

content highlights: Being a girl has no special advantage; There’s Struggle for Everyone: Steffi Xavier

We use cookies to give you the best possible experience. Learn more