ബെംഗളൂരു: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. മുഡ വിവാദത്തില്‍ അന്വേഷണം നേരിടുന്ന തനിക്ക് മുഖ്യമന്ത്രിയായതിനാല്‍ സ്വന്തമായി വീട് പോലും ഇല്ലെന്നും എല്ലാം പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങള്‍ ആണെന്നായിരുന്നു സിദ്ധരാമയ്യുടെ പ്രതികരണം.
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട തന്നെപ്പോലൊരാള്‍ രണ്ടാമതും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായത് പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് ബി.ജെ.പിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. ജെ.ഡി.എസ് നേതാവായ കുമാരസ്വാമി യെദ്യൂരപ്പ, വിജയേന്ദ്ര, അശോകന്‍, പ്രഹ്ലാദ് ജോഷി എന്നിവരുടെ പേര് എടുത്ത് പറഞ്ഞായിരുന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം. തന്റെ നിയമസഭാ മണ്ഡലമായ വരുണയിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൈസൂരിലെ കുവെമ്പു റോഡില്‍ നിര്‍മ്മാണം നടക്കുന്ന ഒരു വീടല്ലാതെ മറ്റ് വസ്തുവകകളൊന്നും തനിക്കില്ലെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി അതിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. വീടിന്റെ നിര്‍മാണം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായെന്നും പതുക്കെയാണ് അത് നടക്കുന്നതെന്നും സിദ്ധരാമയ്യ പറയുകയുണ്ടായി.
‘സത്യസന്ധതയുടെ രാഷ്ട്രീയമാണ് താന്‍ ഇത്രയും കാലം നയിച്ചത്. വരുണ വിഭാഗത്തിന്റെ മാത്രമല്ല, സംസ്ഥാനത്തെ മുഴുവനായും ഞാന്‍ സേവിക്കുന്നുണ്ട്. അത് ജാതി മത വിവേചനമില്ലാതെയാണ്. പാവപ്പെട്ടവരുടെ ക്ഷേമത്തിനായാണ് എന്റെ പ്രവര്‍ത്തനം,’ സിദ്ധരാമയ്യ പറഞ്ഞു.
മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) സ്ഥലങ്ങള്‍ സിദ്ധരാമയ്യയുടെ ഭാര്യക്ക് അനധികൃതമായി അനുവദിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്തയുടെ അന്വേഷണം വേണമെന്നാണ് ബെംഗളൂരു കോടതി നിര്‍ദേശിച്ചിരുന്നത്.
മുഡ വിഷയത്തില്‍ ലോകായുക്ത അന്വേഷണം വേണമെന്ന ഗവര്‍ണര്‍ താവര്‍ചന്ദ് ഗലോട്ടിന്റെ ശുപാര്‍ശ കര്‍ണാടക ഹൈക്കോടതി ശരി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പെഷ്യല്‍ കോടതി ജഡ്ജി സന്തോഷ് ഗജനന്‍ ഭട്ട് ലോകായുക്തയുടെ അന്വേഷണത്തിന് ഉത്തരവിട്ടത്.
സി.ആര്‍.പി.സി സെക്ഷന്‍ 156(3) പ്രകാരം അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്. ഡിസംബര്‍ 24ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ലോകായുക്തയോട് നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlight: Being a CM I don’t own a house says Karanataka CM siddaramaiah