| Monday, 10th September 2012, 1:24 pm

ഉസ്താദ് ഹൈദര്‍മൗലവിക്ക് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെ ആദരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനാമ: ബഹ്‌റൈനിലെ മദ്രസാ അധ്യാപന രംഗത്ത് സ്തുത്യര്‍ഹമായ 33 വര്‍ഷത്തെ സേവനമനുഷ്ഠിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രവാസികളുടെ ഉസ്താദായി മാറുകയും പ്രവാസ ജീവിതം അവസാനിപ്പിച്ച് സെപ്റ്റംബര്‍ 10ന് നാട്ടിലേക്ക് പുറപ്പെടുകയും ചെയ്യുന്ന ഉസ്താദ് പി.കെ. ഹൈദര്‍ മൗലവിക്ക് ബഹ്‌റൈന്‍ മുസ്‌ലീം വിദ്യാര്‍ത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ് ഉപഹാരം നല്‍കി.[]

1980 ജനു.22 നാണ് മലപ്പുറം വെങ്ങാട് സ്വദേശിയായ ഉസ്താദ് ബഹ്‌റൈനിലെത്തുന്നത്. 3 വര്‍ഷം ഒരു കോള്‍ഡ് സ്റ്റോറിലും തുടര്‍ന്ന് ബി.ഡി.എഫിലും ജോലി ചെയ്തുവന്നിരുന്ന അദ്ദേഹം തന്റെ ജോലി കഴിഞ്ഞ് ലഭിക്കുന്ന മുഴുവന്‍ സമയവും ഭാവിയുടെ വാഗ്ദാനങ്ങളായ ഇളം തലമുറക്ക് മതപഠനം പകര്‍ന്നാണ് കഴിച്ച് കൂട്ടിയത്.

ബഹ്‌റൈനിലെ കേരള മുസ്‌ലീം ഭൂരിപക്ഷത്തിന്റെ ആധികാരിക മത സംഘടനയായ സമസ്ത കേരള സുന്നി ജമാഅത്തിന്റെ ആസ്ഥാനമായ മനാമ സമസ്താലയം തന്നെ ഉസ്താതിന്റെ മതാധ്യാപന രംഗമായത് പ്രവാസികള്‍ക്കേറെ അനുഗ്രഹമായിരുന്നു.

മദ്രസ്സക്ക് പുറമെ പ്രായഭേദമന്യേയുള്ള പഠിതാക്കളുടെ ബാഹുല്യം നിമിത്തം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സെക്കണ്ടറി തലം വരെ പ്രവര്‍ത്തിക്കുന്ന മനാമയിലെ ഇര്‍ശാദുല്‍ മുസ്‌ലീമീന്‍ എന്ന മദ്രസ്സക്ക് പുറമെ ഹൂറ, ഗുദൈബിയ, മുഹറഖ്, റഫ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ് തുടങ്ങിയ വിവിധ ഏരിയകളില്‍ കൂടി മദ്രസ്സകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിലും മുതിര്‍ന്നവര്‍ക്കായി വിവിധ പഠനക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിലും ഉസ്താദ് വഹിച്ച പങ്ക് നിസ്തുലമാണ്.

മനാമ കര്‍ണ്ണാടക ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെ ഉപഹാരം നാഷണല്‍ വൈ.പ്രസി. അബ്ദുല്‍ കരീം തിക്കോടി സമര്‍പ്പിച്ചു.

ചടങ്ങില്‍ നാഷണല്‍ പ്രസിഡന്റ് മുഹമ്മദലി ഫൈസി വയനാട് അധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈന്‍ സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും കേന്ദ്ര ഏരിയാ നേതാക്കളും പ്രവര്‍ത്തകരും മദ്രസാ ഭാരവാഹികളും പങ്കെടുത്ത പരിപാടിയില്‍ ശറഫുദ്ധീന്‍ മാരായമംഗലം, ഹാശിം കോക്കല്ലൂര്‍, ലത്വീഫ് ചേരാപുരം, മൗസല്‍ മൂപ്പന്‍ തിരൂര്‍, ശിഹാബ് കോട്ടക്കല്‍, മുഹമ്മദ് ശംസു, നവാസ് കൊല്ലം മുഹമ്മദ് വയനാട്, മുഹമ്മദ് മാസ്റ്റര്‍ ഏറാമല, ശഫീഖ് ഹൂറ, മജീദ് കൊണ്ടോട്ടി, ശജീര്‍ മാഹി, ഇസ്മാഈല്‍ നവാസ് കൊല്ലം, ഉമൈര്‍, ഹാരിസ് വടകര, അസീസ് ഹിദ്ധ്,  ശാഫി ദാറുകുലൈബ്, ഇസ്മാഈല്‍ വേളം, തുടങ്ങിയവര്‍ വിവിധ വിഭാഗങ്ങളിലായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഉബൈദുല്ലാ റഹ്മാനി സ്വാഗതവും നൗഷാദ് വാണിമേല്‍ നന്ദിയും പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more