യഥാര്‍ത്ഥത്തില്‍ നടന്ന കഥയ്ക്ക് യാതൊരു വെച്ചുകെട്ടലും വേണ്ട എന്ന് നിര്‍ബന്ധമുണ്ടായിരുന്നു; ജയ് ഭീമിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍
സൂര്യയെ നായകനാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ജയ് ഭീം. ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആമസോണ്‍ പ്രൈമിന്റെ ഒഫീഷ്യല്‍ യൂട്യൂബ് അക്കൗണ്ട് വഴിയാണ് ‘ബാക്ക് റ്റു 1995’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
സിനിമയുടെ ലൊക്കേഷനുകളെ കുറിച്ചും, എങ്ങനെയാണ് സിനിമയക്ക് വേണ്ടി തൊണ്ണൂറ് കാലഘട്ടത്തെ പുനരാവിഷ്‌കരിച്ചതെന്നും പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ ജ്ഞാനവേല്‍, ഛായാഗ്രാഹകനായ എസ്. ആര്‍. കതിര്‍, പ്രൊഡക്ഷന്‍ ഡിസൈനറായ കെ. ഖാദിര്‍ എന്നിവര്‍.
1990 കാലഘട്ടം റീക്രിയേറ്റ് ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും, എണ്‍പതുകളോ, അറുപതുകളോ ആണെങ്കില്‍ ഇത്രയുമധികം ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ചിത്രത്തില്‍ ഇരുള വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലത്തിനായി ഒരുപാട് അന്വേഷിച്ചെന്നും ഒടുവില്‍ ഏറെ തിരഞ്ഞതിന് ശേഷമാണ് കഥയ്ക്ക് പറ്റിയ ഒരു സ്ഥലം ലഭിച്ചതെന്നും അവര്‍ പറയുന്നു.
സിനിമയില്‍ കാണിക്കുന്നത് പോലെയാണ് ഇപ്പോഴും അവരുടെ ജീവിതമെന്നും, ഇപ്പോഴും വൈദ്യുതിയടക്കമുള്ള സൗകര്യങ്ങള്‍ പോലും അവര്‍ക്ക് ലഭിക്കുന്നില്ലെന്നും അവര്‍ വീഡിയോയില്‍ പറയുന്നു.
അനുദിനം വളര്‍ന്നുകൊണ്ടിക്കുന്ന ചെന്നൈ നഗരത്തെ 1995ലേക്ക് തിരികെ കൊണ്ടു പോവുകയെന്നത് ശ്രമകരമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. കഥാപാത്രങ്ങളുടെ വസ്ത്രങ്ങളും വാഹനങ്ങളുമടക്കം അവര്‍ ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ വരെയും കാലഘട്ടത്തിനനുസരിച്ചുള്ള നിറങ്ങളും മറ്റും സൃഷ്ടിച്ചെടുത്തുവെന്നും അവര്‍ പറയുന്നു.
ഇതെല്ലാം ഒന്നിച്ചു ചേര്‍ന്ന് സിനിമയ്ക്ക് പുതിയൊരു അനുഭവം തന്നെ നല്‍കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.
സൂര്യയെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. തമിഴ്‌നാട്ടിലെ ഇരുള സമുദായത്തിലെ ജനങ്ങള്‍ അനുഭവിച്ച് പൊലീസ് ക്രൂരതയെ കുറിച്ചാണ് സിനിമ പറയുന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയ് ഭീം തയ്യാറാക്കിയിരിക്കുന്നത്. 1993ല്‍ അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചന്ദ്രു ഒരു ആദിവാസി സ്ത്രീക്ക് വേണ്ടി നടത്തിയ കേസിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ.