ന്യൂദല്‍ഹി: ഭാരത് മാതാ കീ ജയ് ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന് പറഞ്ഞ കേസില്‍ ബാബ രാംദേവിനെതിരെ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്.
അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സദ്ഭാവന സമ്മേളനത്തിലാണ് വിവാദ പരാമര്‍ശം രാം ദേവ് നടത്തിയത്. ജാട്ട് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായാണ് സമ്മേളനം നടത്തിയത്. താന്‍ ഭരണഘടന അനുസരിക്കുന്നുണ്ടെന്നും ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീ ജയ് ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്നുമായിരുന്നു അന്ന് രാം ദേവ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ സുഭാഷ് ഭദ്രയുടെ പരാതിയിന്‍മേല്‍ മാര്‍ച്ച് 2ന് രാംദേവിനെ പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് 12ന് രാം ദേവിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് കോടതി നേരത്തെ രാംദേവിന് സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 504 (സമാധാനം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം), ഇന്ത്യന്‍ പീനല്‍ കോഡ് 506 (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബാബാരാംദേവിനെതിരെ കേസെടുത്തത്.