| Wednesday, 18th January 2017, 11:52 am

യു.പിയിലെ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നില്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐയെന്ന് ബീഹാര്‍ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മൂന്ന് നേപ്പാള്‍ സ്വദേശികളില്‍ നിന്നാണ് സംഭവത്തില്‍ പാക് ഏജന്‍സിക്കുള്ള പങ്ക് പുറത്തു വന്നതെന്നാണ് പൊലീസ് പറയുന്നത്.


പാറ്റ്‌ന: കാണ്‍പൂരിനടുത്തുണ്ടായ രണ്ട് പ്രധാന ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നില്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ സ്വാധീനമുള്ളതായി സംശയിക്കുന്നെന്ന് ബീഹാര്‍ പൊലീസ്. 151 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂര്‍ ട്രെയിനപകടത്തില്‍ 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Also read ബലാത്സംഗം ഒഴിവാക്കാന്‍ മാന്യമായി വസ്ത്രം ധരിക്കണം: പെണ്‍കുട്ടികള്‍ ഇറക്കംകുറഞ്ഞ വസ്ത്രം ഒഴിവാക്കണമെന്നും കൊല്‍ക്കത്തയിലെ ഇമാമിന്റെ ഉപദേശം


ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മൂന്ന് നേപ്പാള്‍ സ്വദേശികളില്‍ നിന്നാണ് സംഭവത്തില്‍ പാക് ഏജന്‍സിക്കുള്ള പങ്ക് പുറത്തു വന്നതെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഉമാശങ്കര്‍ പട്ടേല്‍, മോത്തിലാലല്‍ പാസ്വാന്‍, മുകേഷ് യാദവ് എന്നിവരെ അറസ്റ്റ് ചെയ്തത്. ദുബായില്‍ താമസമാക്കിയ നേപ്പാള്‍ സ്വദേശികളാണ് ഇവരെന്നാണ് പൊലീസ് പുറത്തു വിടുന്ന വിവരം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റെയില്‍വേ ട്രാക്കില്‍ കുക്കര്‍ ബോംബ് വെച്ച കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റു ചെയ്തതെന്നും. ഇവര്‍ ഐ.എസ്.ഐ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്നു സമ്മതിച്ചതായും പൊലീസ് എസ്.പി ജിതേന്ദ്ര റാണ ടൈംസ് ഓഫ് ഇന്‍ഡ്യയോട് പറഞ്ഞു. പിടിക്കപ്പെട്ടവരില്‍ ഒരാള്‍ ഇന്‍ഡോര്‍-പാറ്റ്‌ന എക്‌സ്പ്രസ്സ് അട്ടിമറിച്ചതിനും പിന്നിലും അജ്മീര്‍-സിയാല്‍ദ എക്‌സ്പ്രസ്സ് അട്ടിമറിയ്ക്കു പിന്നിലും ഉള്‍പ്പെട്ടിരുന്നതായി സമ്മതിച്ചതായും എസ്.പി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയായിരുന്നു രണ്ട് ട്രെയിന്‍ അപകടങ്ങളും നടന്നത്. ബിഹാര്‍ പൊലീസിന്റെ നിഗമനത്തെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ കേസന്വേഷണം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞങ്ങളുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ പൊലീസുമായി ചേര്‍ന്ന് പ്രതികളുടെ മൊഴി പരിശോധിച്ച് വരികയാണെന്നും  ഐ.എസ്.ഐയുടെ ബന്ധം പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം ഏറ്റെടുക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ടെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഘോഷാറാമില്‍ റെയില്‍വേ ട്രാക്കില്‍ സ്ഥാപിച്ച കുക്കര്‍ ബോംബ് പ്രദേശ വാസികള്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു വലിയ അപകടം ഒഴിവായത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 21നായിരുന്നു 151 പേരുടെ മരണത്തിനിടയാക്കിയ ഇന്‍ഡോര്‍-പാറ്റ്‌ന ട്രെയിന്‍ അപകടം നടന്നത്. ഒരുമാസങ്ങള്‍ക്ക് ശേഷം നടന്ന അജ്മീര്‍-സിയാല്‍ദ എക്‌സ്പ്രസ്സ് അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more