'ഞങ്ങള്‍ പ്രതീക്ഷ കൈവിടില്ല'; താലിബാന്‍ ഭരണത്തിന് കീഴിലും പ്രവര്‍ത്തനം തുടര്‍ന്ന് ബീഗം എഫ്.എം. റേഡിയോ സ്‌റ്റേഷന്‍
World News
'ഞങ്ങള്‍ പ്രതീക്ഷ കൈവിടില്ല'; താലിബാന്‍ ഭരണത്തിന് കീഴിലും പ്രവര്‍ത്തനം തുടര്‍ന്ന് ബീഗം എഫ്.എം. റേഡിയോ സ്‌റ്റേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th December 2021, 4:11 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള റേഡിയോ സ്‌റ്റേഷനായ ബീഗം എഫ്.എം. താലിബാന്‍ സര്‍ക്കാരിന് കീഴിലും പ്രവര്‍ത്തനം തുടരുന്നു.

താലിബാന്‍ അഫ്ഗാന്റെ ഭരണം ഏറ്റെടുത്തതിന് പിന്നാലെ സ്ത്രീകള്‍ അടക്കമുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന സംഭവങ്ങള്‍ രാജ്യത്ത് നടക്കുന്നസാഹചര്യത്തില്‍ കൂടെയാണ് റേഡിയോ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള, സ്ത്രീകള്‍ അവതരിപ്പിക്കുന്ന പരിപാടികളാണ് റേഡിയോ സ്‌റ്റേഷന്‍ സംപ്രേഷണം ചെയ്യുന്നത്.

വിദ്യാഭ്യാസ പരിപാടികള്‍, പുസ്തക വായനകള്‍, ഫോണ്‍-ഇന്‍ കൗണ്‍സലിംഗ് എന്നിവയാണ് റേഡിയോയുടെ ഭാഗമായുള്ള പരിപാടികള്‍. അഫ്ഗാനിസ്ഥാനില്‍ മുഴുവന്‍ പരിപാടി ലഭ്യമാണ്.

താലിബാന്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങിക്കൊണ്ടാണ് ഇപ്പോള്‍ റേഡിയോ സ്‌റ്റേഷന്റെ പ്രവര്‍ത്തനം.

ഈ വര്‍ഷം മാര്‍ച്ച് എട്ടിന്, അന്താരാഷ്ട്ര വനിതാദിനത്തിലായിരുന്നു ബീഗം എഫ്.എം പ്രവര്‍ത്തനമാരംഭിച്ചത്. ഹമീദ അമന്‍ ആണ് റേഡിയോ സ്‌റ്റേഷന്റെ സ്ഥാപക.

സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശത്തിന് പിന്നാലെ രാജ്യം വിട്ടതായിരുന്നു അമന്റെ കുടുംബം. സ്വിറ്റ്‌സര്‍ലന്‍ഡിലാണ് അമന്‍ വളര്‍ന്നത്.

എന്നാല്‍ താലിബാന്റെ ആദ്യ അഫ്ഗാന്‍ അധിനിവേശം അവസാനിച്ച 2001ല്‍ അമന്‍ അഫ്ഗാനിലേക്ക് തിരിച്ചുവരികയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Begum FM radio station continues working under Taliban rule