| Monday, 14th November 2016, 3:06 pm

മോദി എല്ലാവരേയും പിച്ചക്കാരാക്കി; കള്ളപ്പണം ഉള്ളവര്‍ അത് ഡോളറാക്കി വെച്ചിരിക്കുകയാണ്; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യാതൊരു മുന്നറിയിപ്പില്ലാതെ പെട്ടെന്നൊരു ദിവസം മോദി തീരുമാനം എടുത്തപ്പോള്‍ എല്ലാ വ്യവസായവും തകര്‍ന്നു. ഇതിനൊക്കെ ആര് സമാധാനം പറയും.


നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍.

മോദി എല്ലാവരേയും ഒറ്റരാത്രികൊണ്ട് പിച്ചക്കാരാക്കിയെന്നും 100 രൂപ നോട്ടിന് വേണ്ടി ബാങ്കില്‍ പോയി ക്യൂ നിന്ന് പിച്ച എടുത്ത് വരേണ്ട അവസ്ഥായായെന്നും മന്‍സൂര്‍ അലി ഖാന്‍ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ അഞ്ചുദിവസമായി സിനിമാ വ്യവസായം തകര്‍ന്നിരിക്കുകയാണ്. റിലീസ് ചെയ്ത മിക്ക സിനിമകള്‍ക്കും കളക്ഷനില്ല. പുതിയ സിനിമകള്‍ പുറത്തിറക്കാനാകുന്നില്ല. നിര്‍മാതാവിനും സംവിധായകര്‍ക്കും സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കൊന്നും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

തിയേറ്റര്‍ എല്ലാം കാലിയാണ്. ഇത് എങ്ങനെ കവര്‍ ചെയ്യുമെന്ന് കൂടി മോദി പറഞ്ഞു തരണം. യാതൊരു മുന്നറിയിപ്പില്ലാതെ പെട്ടെന്നൊരു ദിവസം മോദി തീരുമാനം എടുത്തപ്പോള്‍ എല്ലാ വ്യവസായവും തകര്‍ന്നു. ഇതിനൊക്കെ ആര് സമാധാനം പറയും.

ആയിരം കോടിയും അയ്യായിരം കോടിയും കള്ളപ്പണം ഉള്ളവര്‍ അതെല്ലാം ഡോളറാക്കി സൂക്ഷിച്ചുവച്ചിരിക്കുകയാണ്. ഇവരില്‍ ആരെങ്കിലും ക്യൂ നിന്ന് പണം മാറ്റുന്നുണ്ടോയെന്നും മന്‍സൂര്‍ അലി ഖാന്‍ ചോദിക്കുന്നു.

ക്യൂവില്‍ നിന്നപ്പോള്‍ എനിക്കും രണ്ടായിരം രൂപാ കിട്ടി. കണ്ടാല്‍ രൂപയാണെന്ന് പോലും തോന്നുന്നില്ല. സിനിമയിലെ ഡ്യുപ്ലിക്കേറ്റ് നോട്ട് പോലെയുണ്ട് പുതിയ രണ്ടായിരം.

സിനിമയിലെ ആര്‍ട്ട് ഡയറക്ടര്‍ ഇതിലും നന്നായി രണ്ടായിരം രൂപ ഉണ്ടാക്കും. പിച്ചക്കാര്‍ പോലും ഈ നോട്ട് വാങ്ങുമെന്ന് തോന്നുന്നില്ല. മോദിയുടെ ഈ നടപടി വലിയ തെറ്റ് തന്നെയാണ്. അത് ആരും പറഞ്ഞില്ലെങ്കിലും തെറ്റ് തന്നെയാണ്.

സാധാരണക്കാരന്റെ കുടുംബങ്ങളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. നോട്ട് അസാധുവാക്കുന്നതിന് മുന്‍പ് ജനങ്ങള്‍ക്ക് അതിനുള്ള സാവകാശം കൊടുത്തിരുന്നെങ്കില്‍ ഇത്ര വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും മന്‍സൂര്‍ അലി ഖാന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more