അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് സിനിമയായ പാഡ് മാന്റെ റിലീസിനെ തുടര്‍ന്ന് പാഡ് മാന്‍ ചലഞ്ച് രാജ്യം മുഴുവന്‍ തരംഗമാവുകയാണ്. നിരവധി പ്രമുഖരാണ് സാനിറ്ററി നാപ്കിനുകള്‍ ഉയര്‍ത്തിപ്പിടിച്ച് പാഡ് മാന്‍ ചലഞ്ച് ഏറ്റെടുത്തത്.
എന്നാല്‍ കേവലം ഒരു സിനിമ കഥക്ക് അപ്പുറം അരുണാചലം മുരുകാനന്ദം എന്ന തമിഴ്‌നാട്ടുകാരന്റെ നിശ്ചയ ദാര്‍ഢ്യത്തിനുള്ള അംഗീകാരം കൂടിയാണ് പാഡ്മാന്‍ എന്ന സിനിമ. ആര്‍ത്തവത്തെ ഒരു പേടി സ്വപ്‌നമായി കണ്ടിരുന്ന ഒരു ജനതയെ “രക്ത രഹിത വിപ്ലവ” ത്തിലൂടെ സാഹായിച്ചത് കോയമ്പത്തൂരിനടുത്ത് ഒരു സാധാ ഗ്രാമത്തില്‍ ജനിച്ച ഒരു മെക്കാനിക്കായ അരുണാചലം മുരുകാനന്ദമായിരുന്നു.
സാനിറ്ററി നാപ്കിനുകള്‍ വിദൂര സ്വപ്‌നം മാത്രമായിരുന്ന, ആര്‍ത്തവ സമയത്ത് കീറതുണികളും പഴയ പത്രങ്ങളും ഉപയോഗിച്ചിരുന്ന ഇന്ത്യയിലെ നാട്ടിന്‍പുറങ്ങളിലെ സ്ത്രീജനങ്ങളുടെ ദുരിതമകറ്റാനായി ഇറങ്ങി തിരിച്ച അരുണാചലത്തിന് പക്ഷേ ലഭിച്ചത് അവഗണനകളും കളിയാക്കലുകളുമായിരുന്നു. ഭ്രാന്തന്‍ എന്നും ലൈംഗീക രോഗിയെന്നുമുള്ള വിളിപ്പേരും വീണപ്പോഴും സ്വന്തം ഭാര്യയും അമ്മയുമടക്കം ഉപേക്ഷിച്ചുപോയപ്പോഴും അരുണാചലം തളര്‍ന്നില്ല.
തന്റെ ഭാര്യയടക്കമുള്ള പതിനായിരക്കണക്കിന് സ്ത്രീകളുടെ ദുരിതമകറ്റാനാണ് ഈ പരിശ്രമമെന്ന് അരുണാചലത്തിന് നിശ്ചയമുണ്ടായിരുന്നു. ഇങ്ങനെ ഒരു പരിശ്രമത്തിന് ഇറങ്ങി തിരിക്കാനുള്ള കാരണത്തെ തന്റെ ഭാര്യ തന്നെയായിരുന്നെന്നാണ് അരുണാചലം പറയുന്നത്.
1998ലാണ്, മുരുകാനന്ദത്തിന്റെ കല്ല്യാണം കഴിഞ്ഞത് ആക്കാലത്ത് ഭാര്യ ശാന്തി പഴന്തുണി ശേഖരിക്കുന്നതുകണ്ട് “നിനക്ക് നാപ്കിന് വാങ്ങിക്കൂടേ” എന്ന് മുരുഗാനന്ദം ചോദിച്ചതും “നാപ്കിന് വാങ്ങിയാല്‍പ്പിന്നെ കുട്ടികള്ക്ക് പാലുവാങ്ങാന് കാശുണ്ടാവില്ല” എന്നായിരുന്നു ഭാര്യയുടെ വിലകുറഞ്ഞ നാപ്കിന് ഉണ്ടാക്കിയെടുക്കാനുള്ള മുരുഗാനന്ദത്തിന്റെ ശ്രമം അവിടെയാണ് തുടങ്ങുന്നത്.
അക്കാലത്ത് 10 പൈസ വിലയുള്ള 10 ഗ്രാം പഞ്ഞികൊണ്ടുണ്ടാക്കിയ ഒരു സാനിറ്ററി പാഡ് നാലുരൂപയ്ക്കാണ് വിറ്റിരുന്നത്. ആ നിലയ്ക്ക് നോക്കിയാല് തന്റെ ഭാര്യയെപ്പോലുള്ള ഭൂരിപക്ഷം സ്ത്രീകള്‍ക്കും ഒരുകാലത്തും പഴന്തുണിയില്‍നിന്ന് മോചനമുണ്ടാവില്ലെന്ന് മുരുഗാനന്ദത്തിന് മനസ്സിലായി.
ചിലവ് കുറഞ്ഞ പാഡുകള്‍ നിര്‍മിക്കാന്‍ അരുണാചലം തീരുമാനിക്കുകയും ഇതിനായി തന്നെ സഹായിക്കാന്‍ ഭാര്യയോടും സഹോദരിയോടും ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് നിരാകരിച്ചു
തുടര്‍ന്ന് നാട്ടിലെ മെഡിക്കല് കോളേജിലെ വിദ്യാര്‍ഥിനികളെ സമീപിച്ചു തുടര്‍ന്ന് 20 പെണ്കുട്ടികള് സഹകരിക്കാന് സമ്മതിച്ചു. പക്ഷേ, പാഡ് ഉപയോഗിച്ചശേഷമുള്ള അഭിപ്രായം അറിയാന് ചെന്നപ്പോഴാണ് മൂന്ന് പെണ്കുട്ടികള് മറ്റുള്ളവരുടേയും അഭിപ്രായങ്ങള് എഴുതി നിറയ്ക്കുന്നത് അദ്ദേഹം കണ്ടത്.
നിരാശനായ അദ്ദേഹം ഒരാഴ്ചത്തേക്ക് സാനിറ്ററി പാഡ് ഉപയോഗിച്ചു നോക്കാന്‍തീരുമാനിച്ചു.ഫുട്ബോള് ബ്ലാഡര്കൊണ്ട് ഒരു കൃത്രിമഗര്ഭപാത്രം ഉണ്ടാക്കി അതില് ആടിന്റെ ചോര നിറച്ച് അത് അരയില് കെട്ടിയായിരുന്നു പരീക്ഷണം. തുടര്‍ന്ന് നാട്ടുകാര്‍ മുരുകാനന്ദത്തെ ഭ്രാന്തന്‍ എന്നും ലൈംഗീക രോഗിയെന്നും മുദ്ര കുത്തി. ഭാര്യയും അമ്മയും അദ്ദേഹത്തെ ഉപേക്ഷിച്ചു പോകുകയും നാട്ടുകാര്‍ അരുണാചലത്തെ നാട്ടില്‍ നിന്ന് തന്നെ പുറത്താക്കുകയും ചെയ്തു.
എന്നാല്‍ തോറ്റു പിന്‍മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല തന്റെ പരീക്ഷണങ്ങളും പഠനങ്ങളും അന്വേഷണങ്ങളും തുടര്‍ന്ന് കൊണ്ടേയിരുന്നു. അവസാനം അദ്ദേഹം വിജയം കണ്ടു. ചെലവ് ചുരുക്കി സാനിറ്ററി നാപാകിന്‍ നിര്‍മ്മിക്കാനുള്ള മെഷിന്‍ അദ്ദേഹം കണ്ടെത്തി അതിന് അദ്ദേഹം പേറ്റന്റ് എടുത്തു. പേറ്റന്റ് നേടിയ മെഷീനില് വിലകുറഞ്ഞ പാഡുകളുണ്ടാക്കി കോടീശ്വരനാവുന്ന ഒരു പ്ലാനായിരുന്നില്ല അരുണാചലത്തിന്റേത്. പകരം അദ്ദേഹം നാട്ടിന്‍പുറത്തുള്ള സ്ത്രീകളെ ഈ മെഷീന് പ്രവര്ത്തിപ്പിക്കാന് പഠിപ്പിച്ചു. നിര്‍മാണം സ്ത്രീകള്‍ നടത്തുന്ന സ്വയംസഹായ സംഘങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തു.
2014 ല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ ടൈം മാസിക തയ്യാറാക്കിയപട്ടികയില്‍ അദ്ദേഹം ഇടം പിടിച്ചു. 2016 ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഇത്തരത്തില്‍ രാജ്യത്തിന് തന്നെ അഭിമാനമായ അദ്ദേഹത്തിന്റെ ജീവിത കഥ സിനിമയാകുമ്പോള്‍ കോയമ്പത്തൂരിലെ ആ മനുഷ്യന് നല്‍കുന്ന ആദരം കൂടിയാണത്.