| Sunday, 2nd July 2023, 12:22 pm

ഒ.ടി.ടി റിലീസിന് മുമ്പേ ആദിപുരുഷ് എച്ച്.ഡി. പ്രിന്റ് ലീക്കായി; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് രാവണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒ.ടി.ടി റിലീസിന് മുന്നേ ആദിപുരുഷിന്റെ എച്ച്.ഡി. വേര്‍ഷന്‍ ലീക്കായി. പൈറേറ്റഡ് സൈറ്റുകളില്‍ ചിത്രത്തിന്റെ പതിപ്പ് അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. ആദിപുരുഷിന്റെ തമിഴ് എച്ച്.ഡി. പതിപ്പാണ് ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുന്നത്.

എച്ച്.ഡി. പതിപ്പ് ലീക്കായതോടെ ചിത്രത്തിലെ ദൃശ്യങ്ങള്‍ വെച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ട്രോളുകള്‍ ഉള്‍പ്പെടെ പ്രവഹിക്കുകയാണ്. സെയ്ഫ് അലി ഖാന്‍ അവതരിപ്പിച്ച രാവണനെ കേന്ദ്രീകരിച്ചാണ് കൂടുതലും ട്രോളുകള്‍ വരുന്നത്. ആഗസ്റ്റില്‍ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് നടക്കാനിരിക്കെയാണ് പൈറ്റേറ്റഡ് പ്രിന്റ് പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ജൂണ് 16നാണ് ആദിപുരുഷ് റിലീസ് ചെയ്യുന്നത്. പ്രഭാസ് നായകനായ ചിത്രത്തില്‍ കൃതി സനണായിരുന്നു നായിക. സെയ്ഫ് അലി ഖാനാണ് രാവണനായി എത്തിയത്. സണ്ണി സിങ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൗഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

ഏറെ പ്രതീക്ഷകളോടെയെത്തിയ ചിത്രത്തിന് റിലീസ് ദിനം മുതല്‍ തന്നെ വിമര്‍ശനങ്ങളേറ്റിരുന്നു. ആദ്യദിനങ്ങളില്‍ മികച്ച കളക്ഷന്‍ നേടിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ ബോക്‌സ് ഓഫീസിലും ആദിപുരുഷ് മൂക്കുകുത്തി.

Content Highlight: Before the OTT release, Adipurush’s HD The version leaked

We use cookies to give you the best possible experience. Learn more