|

'ബി.ജെ.പിയിലേക്ക് പോകും മുമ്പ് മൗര്യക്ക് എസ്.പിയിലേക്ക് വരാമായിരുന്നു, 2011 മുതലുള്ള കാത്തിരിപ്പാണ് എന്റേത്'; അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് റാലികളില്‍ തിരിച്ചെത്തി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഒ.ബി.സി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമായ സ്വാമി പ്രസാദ് മൗര്യ ബി.ജെ.പി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുന്നതിനായി 2011 മുതല്‍ താന്‍ കാത്തിരിക്കുകയായിരുന്നെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

ബി.ജെ.പി ദളിതരെയും പിന്നാക്കക്കാരെയും അവഗണിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. അടുത്തിടെ ബി.ജെ.പിയില്‍ നിന്ന് എസ്.പിയിലേക്ക് മാറിയവരില്‍ ഒരാളാണ് മൗര്യ.

”ബി.ജെ.പി പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്. സ്വാമി പ്രസാദ് മൗര്യ ഞങ്ങളോടൊപ്പം ചേര്‍ന്ന ദിവസത്തെ കുറിച്ച് അവര്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല,” യാദവ് കൂട്ടിച്ചേര്‍ത്തു.

മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി വിട്ട് മൗര്യ തന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ അഞ്ച് വര്‍ഷം സംസ്ഥാനത്തിന് മോശമായ ദിവസങ്ങള്‍ ഉണ്ടാകില്ലായിരുന്നുവെന്ന് അഖിലേഷ് അഭിപ്രായപ്പെട്ടു.

ബി.ജെ.പിയില്‍ ചേരുന്നതിന് മുമ്പ് മൗര്യ ബി.എസ്.പിയുമായി ദീര്‍ഘകാല ബന്ധം പുലര്‍ത്തിയിരുന്നു. 2016ല്‍ പാര്‍ട്ടി ടിക്കറ്റിന് പണം പിരിക്കുകയാണെന്ന് ആരോപിച്ച് ബി.എസ്.പിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ബി.എസ്.പി അധ്യക്ഷ മായാവതി നിഷേധിക്കുകയും മൗര്യ തന്റെ പാര്‍ട്ടിക്കുള്ളില്‍ രാജവംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നു.

മൗര്യ പ്രതിപക്ഷത്തായിരുന്ന സമയത്ത് തങ്ങള്‍ പരസ്പരം ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തതെന്നും ഇനി ഒരുമിച്ച് സര്‍ക്കാറുണ്ടാക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

അഞ്ച് തവണ എം.എല്‍.എയായും മന്ത്രിയായും മൗര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ തൊഴില്‍- കോ-ഓര്‍ഡിനേഷന്‍ എന്നിവയുടെ കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം.

ഫാസില്‍ നഗറില്‍ നിന്നാണ് മൗര്യ മത്സരിക്കുന്നത്. മൗര്യയ്ക്കെതിരെ ഒ.ബി.സി നേതാവ് സുരേന്ദ്ര സിംഗ് കുശ്വാഹയെയാണ് ബി.ജെ.പി രംഗത്തിറക്കിയിട്ടുള്ളത്.


Content Highlights: ‘Before leaving for BJP, Maurya could have joined SP, I have been waiting since 2011’; Akhilesh Yadav