ഹരിയാന: വ്യാജ വാര്‍ത്തകള്‍ക്കും അവയുടെ പ്രചാരണത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വിഷയത്തെ ദേശീയ തലത്തില്‍ ആശങ്ക സൃഷ്ടിക്കാവുന്ന വിധത്തിലാക്കാന്‍ ഒരു വ്യാജ വാര്‍ത്തയ്ക്ക് കെല്‍പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹരിയാനയില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗമായ ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാള്‍, ഏത് വിവരവും ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് പത്തുവട്ടം ചിന്തിക്കണം. അത് വിശ്വസിക്കുന്നതിന് മുന്‍പ് യഥാര്‍ഥമാണോയെന്ന് പരിശോധിക്കുകയും വേണം. എല്ലാ പ്ലാറ്റ്ഫോമുകള്‍ക്കും ഏത് വിവരത്തിന്റെയും യാഥാര്‍ഥ്യം പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ട്. വ്യത്യസ്തയിടങ്ങളില്‍ തിരയുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനെ കുറിച്ചുള്ള പുതിയ അറിവ് ലഭിക്കുമെന്നും മോദി പറഞ്ഞു.
5ജിയുടെ വരവോടെ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത വേണം. സാങ്കേതികവിദ്യയുടെ പ്രയോഗത്തില്‍ ബജറ്റ് പരിമിതി പാടില്ല. വ്യാജവാര്‍ത്തകള്‍ വസ്തുതാപരിശോധനയ്ക്ക് വിധേയമാക്കേണ്ടത് നിര്‍ബന്ധമാണ്. സാങ്കേതികവിദ്യയ്ക്ക് ഇതില്‍ വലിയ പങ്കുവഹിക്കാനാകും. ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് സന്ദേശങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള സംവിധാനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചേ മതിയാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് സേനയ്ക്ക് ഏകീകരിച്ച യൂണിഫോം എന്ന ആശയവും നരേന്ദ്ര മോദി മുന്നോട്ടുവെച്ചു. ഇപ്പോഴില്ലെങ്കിലും ഭാവിയിലെങ്കിലും ഇത് നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു.
പൊലീസിനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണകരമായുള്ള മാറ്റം വേണമെന്ന് പറഞ്ഞ മോദി സംസ്ഥാനങ്ങളിലെ ക്രമസമാധാനമെന്നത് അതാത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് ആഭ്യന്തര മന്ത്രിമാരോട് സൂചിപ്പിച്ചു.
അതിനിടെ, ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സഹായം വേണമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിമാരുടെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്.