മുംബൈ: കൊവിഡില്‍ മഹാരാഷ്ട്രയെ തഴയുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. കൊവിഡ് വാക്‌സിന് സംസ്ഥാനത്തിന് വേണ്ടത്ര ലഭ്യമാക്കുന്നില്ലെന്നും ഏപ്രില്‍ 11 മുതല്‍ 14 വരെ രാജ്യമെമ്പാടും വാക്‌സിന്‍ ഉത്സവ് ആചരിക്കുമ്പോഴും കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി.
ഒരു ബി.ജെ.പി മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തില്ല എന്നതിന്റെ വിലയാണോ മഹാരാഷ്ട്രയിലെ ജനങ്ങള്‍ നല്‍കേണ്ടി വരുന്നതെന്ന് ശിവസേന അവരുടെ മുഖപത്രമായ സാമ്‌നയില്‍ ചോദിച്ചു.
സംസ്ഥാനങ്ങള്‍ക്കെല്ലാം ഒരേപോലെ വാക്‌സിന്‍ കൊടുക്കുക എന്നത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും എന്നാല്‍ മഹരാഷ്ട്രയെ കേന്ദ്രം തഴയുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി. ബി.ജെ.പി മുഖ്യമന്ത്രി ഇല്ലാത്തതിന് ജനങ്ങള്‍ പിഴയൊടുക്കണമെന്നാണോ,ദല്‍ഹിക്ക് അടുത്തായുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമം കേന്ദ്രം പരിഗണിക്കേണ്ടതുണ്ട്.
രാജ്യം ഇത്രയും വലിയ ഒരു മഹാമാരിയെ നേരിടുമ്പോള്‍ രാഷ്ട്രീയം മാറ്റിവെച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ശിവസേന പറഞ്ഞു. സംസ്ഥാനം ഒരു ലോക്ക് ഡൗണിലേക്ക് നിങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും സാമ്‌ന മുഖപ്രസംഗത്തില്‍ പറഞ്ഞു.
നരേന്ദ്രമോദി രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. എന്നാല്‍ ഇന്ന് ഇവിടുത്തെ സാഹചര്യം വളരെ മോശമായിരിക്കുകയാണ്. മഹാരാഷ്ട്രയേക്കാള്‍ ഗുരുതരമായ അവസ്ഥയിലാണ് ഗുജറാത്ത്. മഹാരാഷ്ട്രയില്‍ പാവപ്പെട്ടവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.
മറ്റൊന്നും നോക്കാതെ ഈ ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ടെന്നും പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണ് ഉള്ളതെന്നും സാമ്‌ന എഡിറ്റോറിയലില്‍ പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതില്‍ മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് എത്തുകയും ചെയ്തിരുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപനം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് തങ്ങള്‍ക്കറിയാമെന്നും എന്നാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
‘ഇത് കൊറോണയ്ക്കെതിരെയുള്ള യുദ്ധമാണ്. ഇന്ത്യ-പാക് യുദ്ധമല്ലെന്ന് ബി.ജെ.പി നേതാക്കള്‍ മനസ്സിലാക്കണം. കൊവിഡിനെതിരെയുള്ള യുദ്ധത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയായിരുന്നയാളാണ് ദേവേന്ദ്ര ഫഡ്നാവിസ്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹം പറഞ്ഞു. അത് ഞങ്ങള്‍ക്കും അറിയാം. എന്നാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റെന്താണ് വഴി?’, റാവത്ത് ചോദിച്ചു.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ദല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, കേരളം, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Before CM Uddhav’s Series of Meetings, What Sena Says in ‘Saamana’