ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ പ്രവര്‍ത്തന സമയത്തെ പരിഹസിച്ച പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാലിന് സുപ്രീം കോടതിയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ ഒരു ഹരജി പോലും കൃത്യസമയത്ത് ഫയല്‍ ചെയ്യാറില്ലെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത പറഞ്ഞു.
കാലതാമസത്തിന് ക്ഷമ ചോദിച്ച് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഹരജിയും ഫയല്‍ ചെയ്യാറുള്ളതെന്നും ദീപാങ്കര്‍ ദത്ത ചൂണ്ടിക്കാട്ടി. ജഡ്ജിമാര്‍ കുറച്ച് ജോലി മാത്രം ചെയ്ത് ദീര്‍ഘനാള്‍ അവധി എടുക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സുപ്രീം കോടതിക്കെതിരെ പറഞ്ഞത്.
‘ജഡ്ജിമാര്‍ എത്ര കഠിനാധ്വാനം ചെയ്താലും നിര്‍ഭാഗ്യവശാല്‍ വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്ന് കേള്‍ക്കേണ്ടിവരുന്നു. ഞങ്ങള്‍ അവധിക്കാലത്ത് പോലും രാത്രി വൈകിയും ജോലി ചെയ്യുന്നു. കോടതിയെ വിമര്‍ശിക്കുന്നവര്‍ കൃത്യ സമയത്ത് ഒരു ഹരജിയെങ്കിലും ഫയല്‍ ചെയ്യുന്നവരായിരിക്കണം,’ ദീപാങ്കര്‍ ദത്ത പറഞ്ഞു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍സിബലും ദീപാങ്കര്‍ ദത്തയുടെ നിരീക്ഷണത്തോട് പൂര്‍ണമായി യോജിക്കുന്നതായി അറിയിച്ചു. മോദിയുടെ ഉപദേഷ്ടാവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി സഞ്ജയ് കിഷന്‍ കൗളും രംഗത്തെത്തിയിരുന്നു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹരജിയിൽ വാദം കേള്‍ക്കുന്നതിനിടെയാണ് പരാമര്‍ശം.
ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. തുടര്‍ന്ന് ഹേമന്ത് സോറന്‍ ഹരജി പിന്‍വലിക്കുകയും ചെയ്തു.
Content Highlight: Before Castigating Judiciary, Ensure Govt Appeals Come In Time : Supreme Court