ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് പുറത്ത് കഷ്ടപ്പെടുന്ന എല്ലാ ഹിന്ദുക്കളേയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.
ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമാണെന്നും ഇന്ത്യയിലുള്ള എല്ലാവരും ബാബര്‍ കാലഘട്ടത്തിന് മുമ്പ് ഹിന്ദുക്കളായിരുന്നെന്നും ശര്‍മ അവകാശപ്പെട്ടു.
” ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യമാണ്. ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും ഹിന്ദുവിന് പ്രശ്നമുണ്ടായാല്‍ രാജ്യത്തേക്ക് സ്വാഗതം. ഓരോ ഹിന്ദുവിന്റെയും വേരുകള്‍ ഇന്ത്യയാണ്. ബാബര്‍ യുഗത്തിന് മുമ്പ് എല്ലാവരും ഹിന്ദുക്കളായിരുന്നു,” ന്യൂസ് 18 ഇന്ത്യ ചൗപാലില്‍ സി.എ.എയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ശര്‍മ്മ പറഞ്ഞു.
ക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ച് സംസാരിക്കുന്നവരെ വര്‍ഗീയമായി കാണുന്നത് എന്തുകൊണ്ടാണെന്ന് ശര്‍മ ചോദിച്ചു.
‘പഴയ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ എന്താണ് തെറ്റ്, ഞങ്ങള്‍ ഹിന്ദുവാണ്, ഞങ്ങള്‍ ഹിന്ദുവായിരിക്കും. ഹിന്ദുവായ ഞാന്‍ കൂടുതല്‍ മതേതരനാണ്. എല്ലാ മതേതരക്കാരെക്കാളും,” ശര്‍മ അവകാശപ്പെട്ടു.
അതേസമയം, ക്ഷേത്രങ്ങള്‍ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞിരുന്നു.
അയോധ്യയില്‍ ഒരു മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കപ്പെടുകയാണെന്നും മഥുരയിലെ കൃഷ്ണ ജന്മഭൂമിയില്‍ ഒരു ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ബി.ജെ.പി കാത്തിരിക്കുകയാണെന്നും മൗര്യ പറഞ്ഞിരുന്നു.
മഥുരയിലെ ശാഹി ഈദ് ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന തീവ്ര വലതുപക്ഷ സംഘടനകള്‍ ഭീഷണി മുഴക്കിയ സാഹചര്യത്തിലായിരുന്നു മൗര്യയുടെ പ്രസ്താവന.
Content Highlights: ‘Before Babur’s Era, Everyone was a Hindu in India’: At News18 Chaupal, Assam CM’s Take on CAA