31വർഷത്തെ തടവ് ശിക്ഷക്ക് ശേഷം ജയിൽ മോചിതനായിരിക്കുകയാണ് പേരറിവാളൻ. അദ്ദേഹത്തിന് ലഭിച്ച ജാമ്യം അർപ്പുതമ്മാളിന്റെ പോരാട്ടവിജയമായാണ് അടയാളപ്പെടുത്തുന്നത്. ഇതോടെ വർഷങ്ങളായി ജയിലിൽ കഴിയുന്നവരെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. വിചാരണ പോലും നടക്കാതെ 13 വര്‍ഷമായി ജയിലില്‍ കഴിയുന്ന സക്കറിയയെയും കാത്ത് അർപ്പുതമമ്മാളിനെ പോലെ ഒരു ഉമ്മ പരപ്പനങ്ങാടിയിലുമുണ്ട്.
ബംഗളൂരു സ്ഫോടനകേസുമായി ബന്ധപ്പെട്ടാണ് സക്കറിയയെ അറസ്റ്റ് ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ തിരൂരിൽ മൊബൈൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന സക്കറിയയെ സ്‌ഫോടനത്തിന് ആവശ്യമായ ചിപ്പ് നിർമിക്കാൻ സഹായിച്ചു എന്ന കുറ്റം ചുമത്തിയാണ് അന്ന് അറസ്റ്റ് ചെയ്തത്. 13 വർഷങ്ങൾ പിന്നിട്ടിട്ടും സക്കറിയ ഇപ്പോഴും പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനായി തന്നെ തുടരുകയാണ്.
കാര്യ കാരണങ്ങൾ വ്യക്തമാക്കാതെയായിരുന്നു ഈ അറസ്റ്റ് നടന്നത്. ആദ്യമായി സക്കറിയയെ അന്വേഷിച്ച് പോലീസ് എത്തുന്നത് പാസ്പോർട്ട് വെരിഫിക്കേഷൻ നടത്താനാണെന്ന വ്യാജേനയായിരുന്നു. പിന്നീടാണ് ബംഗളൂരു സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട വിവരം എല്ലാവരുമറിയുന്നത്. രാജ്യ ദ്രോഹിയെന്ന മുദ്ര സക്കറിയയ്ക്ക് മേൽ പതിഞ്ഞു. വീട്ടുകാരും കുടുംബക്കാരും ഒറ്റപ്പെടുകയും അവരുടെ കല്യാണമടക്കമുള്ള പല കാര്യങ്ങളും മുടങ്ങുകയും ചെയ്തു.
പിന്നീട് അദ്ദേഹത്തിന്റെ ജയിൽ മോചനത്തിന് വേണ്ടി ചില പ്രമുഖർ ചേർന്ന് ഫ്രീ സക്കറിയ ആക്ഷൻ ഫോറം രൂപീകരിക്കുകയും നിയമപരമായി മുന്നോട്ട് പോവുകയും ചെയ്തു. സക്കറിയക്കെതിരെയുള്ള പലരുടെയും ചിന്തയിൽ ഈ പ്രവർത്തനങ്ങൾ മാറ്റങ്ങൾ വരുത്തി, പതിയെ നാട്ടുകാർ അവർക്കൊപ്പം നിൽക്കാനും പോരാടാനും തുടങ്ങി.
പതിമൂന്നു വർഷത്തെ ജയിൽവാസത്തിനിടയിൽ ആകെ മൂന്നു തവണയാണ് സക്കറിയ വീട്ടിലെത്തിയത്. സഹോദരന്റെ വിവാഹത്തിനും മരണത്തിനും പിന്നെ അവസാനമായി ഉമ്മക്ക് അസുഖം വന്നപ്പോഴുമാണ് ഈ പരോളുകൾ അനുവദിച്ചത്. ഈ വരവുകളിലൊക്കെ തന്നെ സക്കറിയക്കൊപ്പം ഒരുപാട് പോലീസുകാർ ഉണ്ടാവുകയും അതിന്റെ മൊത്തം ചിലവുകൾ വീട്ടുകാർ വഹിക്കുകയും ചെയ്യണമായിരുന്നു.
പേരറിവാളിനു ജാമ്യം ലഭിച്ച സാഹചര്യത്തിൽ സക്കറിയക്കും മോചനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ഉമ്മയും വീട്ടുകാരും.