വര്‍ഷങ്ങള്‍ക്ക് ശേഷം ബീറ്റില്‍ജ്യൂസ് തിരിച്ചെത്തുന്നു; കള്‍ട്ട് ക്ലാസിക് ഹൊറര്‍ കോമഡി ചിത്രം; ട്രെയ്‌ലര്‍
HollyWood
വര്‍ഷങ്ങള്‍ക്ക് ശേഷം ബീറ്റില്‍ജ്യൂസ് തിരിച്ചെത്തുന്നു; കള്‍ട്ട് ക്ലാസിക് ഹൊറര്‍ കോമഡി ചിത്രം; ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th July 2024, 10:38 am

ടിം ബര്‍ട്ടണിന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ഫാന്റസി ഹൊറര്‍ കോമഡി ചിത്രമാണ് ബീറ്റില്‍ജ്യൂസ്. മക്ഡവലിന്റെയും ലാറി വില്‍സണിന്റെയും കഥയെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രമെത്തിയത്. മൈക്കല്‍ മക്ഡവലും വാറന്‍ സ്‌കാരനും ആയിരുന്നു ബീറ്റില്‍ജ്യൂസിന് തിരക്കഥ ഒരുക്കിയത്.

വലിയ വിജയം സ്വന്തമാക്കിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങായി എത്തിയത് മൈക്കല്‍ കീറ്റണ്‍, അലക് ബാള്‍ഡ്വിന്‍, ജീന ഡേവിസ്, ജെഫ്രി ജോണ്‍സ്, കാതറിന്‍ ഒഹാര, വിനോന റൈഡര്‍ എന്നിവരായിരുന്നു. 1988 മാര്‍ച്ച് 30ന് വാര്‍ണര്‍ ബ്രദേഴ്സ് അമേരിക്കയില്‍ റിലീസ് ചെയ്ത ബീറ്റില്‍ജ്യൂസ് 15 മില്യണ്‍ ഡോളര്‍ ബജറ്റിലായിരുന്നു നിര്‍മിച്ചത്. 74.7 മില്യണ്‍ ഡോളറായിരുന്നു ചിത്രം നേടിയത്.

 

മികച്ച മേക്കപ്പിനുള്ള അക്കാദമി അവാര്‍ഡും മൂന്ന് സാറ്റേണ്‍ അവാര്‍ഡുകളും നേടിയ ബീറ്റില്‍ജ്യൂസ് ഇപ്പോള്‍ കള്‍ട്ട് ക്ലാസിക് ഹൊറര്‍ കോമഡി ചിത്രമായാണ് കണക്കാക്കുന്നത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമയുടെ രണ്ടാം ഭാഗമെത്തുന്നു എന്നത് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. ബീറ്റില്‍ജ്യൂസ് ബീറ്റില്‍ജ്യൂസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ വാര്‍ണര്‍ ബ്രദേഴ്സ് പുറത്തുവിട്ടിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലറുമായി എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. രണ്ട് മിനിട്ടും 26 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സിനിമയില്‍ ആസ്ട്രിഡ് ഡീറ്റ്‌സ് എന്ന കഥാപാത്രമായി എത്തുന്നത് വെനസ്ഡേ സീരീസ് നായിക ജെന്ന ഒര്‍ട്ടേഗയാണ്. താരത്തെ കാണിച്ചു കൊണ്ടാണ് ഈ ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. സെപ്തംബര്‍ ആറിനാണ് ബീറ്റില്‍ജ്യൂസ് ബീറ്റില്‍ജ്യൂസ് തിയേറ്ററില്‍ എത്തുന്നത്.

ഒന്നാം ഭാഗത്തില്‍ എത്തിയ മൈക്കല്‍ കീറ്റണ്‍ തന്നെയാണ് ബീറ്റില്‍ജ്യൂസ് എന്ന ടൈറ്റില്‍ കഥാപാത്രമായി ഈ സിനിമയിലും എത്തുന്നത്. അദ്ദേഹത്തിനൊപ്പം ഒന്നാം ഭാഗത്തില്‍ അഭിനയിച്ചിരുന്ന കാതറിന്‍ ഒഹാര, വിനോന റൈഡര്‍ എന്നിവരും രണ്ടാം ഭാഗത്തിലൂടെ തിരിച്ചെത്തും. ഡെലിയ ഡീറ്റ്‌സ്, ലിഡിയ എന്നീ കഥാപാത്രങ്ങളായി തന്നെയാണ് അവര്‍ സിനിമയിലെത്തുക.

Content Highlight: Beetlejuice Beetlejuice Second Trailer Out