| Friday, 22nd March 2024, 8:43 am

36 വര്‍ഷങ്ങള്‍ക്ക് ശേഷം ആ കള്‍ട്ട് ക്ലാസിക് ഹൊറര്‍ കോമഡി ചിത്രം വീണ്ടും; ഒപ്പം വെനസ്‌ഡേ നായികയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടിം ബര്‍ട്ടണ്‍ സംവിധാനം ചെയ്തത് 1988ല്‍ പുറത്തിറങ്ങിയ ഒരു അമേരിക്കന്‍ ഫാന്റസി ഹൊറര്‍ കോമഡി ചിത്രമാണ് ബീറ്റില്‍ജ്യൂസ്. മക്ഡവലിന്റെയും ലാറി വില്‍സണിന്റെയും കഥയെ അടിസ്ഥാനമാക്കി മൈക്കല്‍ മക്ഡവലിന്റെയും വാറന്‍ സ്‌കാരന്റെയും തിരക്കഥയില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ബീറ്റില്‍ജ്യൂസ്.

മൈക്കല്‍ കീറ്റണ്‍, അലക് ബാള്‍ഡ്വിന്‍, ജീന ഡേവിസ്, ജെഫ്രി ജോണ്‍സ്, കാതറിന്‍ ഒഹാര, വിനോന റൈഡര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വാര്‍ണര്‍ ബ്രദേഴ്‌സ് 1988 മാര്‍ച്ച് 30നായിരുന്നു അമേരിക്കയില്‍ ബീറ്റില്‍ജ്യൂസ് റിലീസ് ചെയ്തത്. ഈ ചിത്രം വലിയ വിജയമായിരുന്നു സ്വന്തമാക്കിയത്. 15 മില്യണ്‍ ഡോളര്‍ ബജറ്റില്‍ നിര്‍മിച്ച സിനിമ 74.7 മില്യണ്‍ ഡോളറാണ് നേടിയത്.

കള്‍ട്ട് ക്ലാസിക് ഹൊറര്‍ കോമഡി ചിത്രമായി കണക്കാക്കുന്ന ബീറ്റില്‍ജ്യൂസ് മികച്ച മേക്കപ്പിനുള്ള അക്കാദമി അവാര്‍ഡും മൂന്ന് സാറ്റേണ്‍ അവാര്‍ഡുകളും നേടിയിരുന്നു. ഒപ്പം മികച്ച ഹൊറര്‍ ഫിലിം, മികച്ച മേക്കപ്പ്, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലും അവാര്‍ഡുകള്‍ നേടി.

ഇപ്പോള്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കള്‍ട്ട് ക്ലാസിക്കിന്റെ രണ്ടാം ഭാഗമെത്തുകയാണ്. മൈക്കല്‍ കീറ്റണ്‍ തന്നെയാണ് ബീറ്റില്‍ജ്യൂസ് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ബീറ്റില്‍ജ്യൂസ് ബീറ്റില്‍ജ്യൂസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയ്‌ലര്‍ പുറത്തുവന്നു.

മൈക്കല്‍ കീറ്റണ് പുറമെ ഒന്നാം ഭാഗത്തില്‍ അഭിനയിച്ചിരുന്ന കാതറിന്‍ ഒഹാര, വിനോന റൈഡര്‍ എന്നിവരും രണ്ടാം ഭാഗത്തിലൂടെ തിരിച്ചെത്തും. ഡെലിയ ഡീറ്റ്സ്, ലിഡിയ എന്നീ കഥാപാത്രങ്ങളായി തന്നെയാണ് അവര്‍ സിനിമയിലെത്തുക.


സെപ്തംബര്‍ ആറിന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ആസ്ട്രിഡ് ഡീറ്റ്സ് എന്ന കഥാപാത്രമായി വെനസ്‌ഡേ സീരീസ് നായിക ജെന്ന ഒര്‍ട്ടേഗയുമുണ്ട്.

ഹോളിവുഡിലെ സമരം മൂലം മാസങ്ങള്‍ നീണ്ട കാലതാമസത്തിന് ശേഷം ബീറ്റില്‍ജ്യൂസിന്റെ സീക്വലിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതായി സംവിധായകന്‍ ടിം ബര്‍ട്ടണ്‍ മുമ്പ് അറിയിച്ചിരുന്നു. ഇപ്പോള്‍ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Content Highlight: Beetlejuice 2 Trailer Out And Jenna Ortega Also In Cast

We use cookies to give you the best possible experience. Learn more