ബിയര്‍ വൈന്‍ പാര്‍ലര്‍ അനുമതി: വിജ്ഞാപനം പുറത്തിറക്കി
Daily News
ബിയര്‍ വൈന്‍ പാര്‍ലര്‍ അനുമതി: വിജ്ഞാപനം പുറത്തിറക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th December 2014, 11:35 pm

Bar തിരുവനന്തപുരം: സംസ്ഥാനത്ത് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. പുതിയ ലൈസന്‍സിനുള്ള അപേക്ഷ ക്ഷണിച്ചു. ഇതോടെ മുമ്പ് അടച്ചുപൂട്ടിയ ബാറുകള്‍ക്കെല്ലാം ഈ പുതിയ ലൈസന്‍സില്‍ ബാര്‍ തുറക്കാം. 418 ബാറുകള്‍ക്കാണ് ഇങ്ങനെ പ്രവര്‍ത്തനനാനുമതി ലഭിക്കുക.

ഈ വര്‍ഷം മാര്‍ച്ച് മുപ്പത്തിയൊന്നു വരെ പ്രവര്‍ത്തിച്ച ശുചിത്വം പാലിക്കപ്പെടുന്ന ബാറുകള്‍ക്കാണ് അനുമതി നല്‍കുക. ബാറുകളിലെ അംഗീകൃത ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കണമെന്ന വ്യവസ്ഥയും വിജ്ഞാപനത്തിലുണ്ട്.

മദ്യ നരോധനം എന്ന വിപ്ലവകരമായ തീരുമാനം യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടതിന്റെ ഭാഗമായാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബാറുകളെല്ലാം അടയ്‌ക്കേണ്ടി വന്നത്. എന്നാല്‍ ഈ തീരുമാനം സര്‍ക്കാരിനെ വിവിധ രീതിയില്‍ പ്രതിസന്ധിയിലാക്കി. ഇതേ തുടര്‍ന്നാണ് മദ്യനയത്തില്‍ പ്രായോഗികമായ മാറ്റങ്ങള്‍ കൊണ്ടുവരിക എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നത്.

ഇതിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന മദ്യ നിരോധനം എടുത്തുകളയാനും അടച്ചുപൂട്ടിയ ബാറുകള്‍ക്കെല്ലാം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കുള്ള ലൈസന്‍സ് നല്‍കാനും മന്ത്രിസഭ തീരുമാനമെടുത്തു.

എന്നാല്‍ അടിസ്ഥാന മദ്യ നയത്തില്‍ നിന്നും വ്യതിചലിക്കില്ലെന്നും അത് ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും ഉമ്മന്‍ ചാണ്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മദ്യ നയത്തിലുണ്ടായ മാറ്റങ്ങള്‍ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും, സഖ്യ കക്ഷിയായ മുസ്‌ലിം ലീഗും രംഗത്തു വന്നിരുന്നു