|

ചലച്ചിത്ര അക്കാദമിയുടെ ചുമതലകള്‍ ബീനാ പോള്‍ രാജി വെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും  ബീനാ പോള്‍ രാജി വെച്ചു. അക്കാദമിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് രാജി വെക്കുന്നതെന്നാണ് സൂചന.

ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞുകൊണ്ടുളള കത്ത് ബീന പോള്‍ സര്‍ക്കാരിന് കൈമാറി. ഒക്ടോബറില്‍ കാലാവധി അവസാനിക്കുമെങ്കിലും ചലച്ചിത്ര അക്കാദമിയുടെ നിലവിലെ രീതിയുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് ബീന സര്‍ക്കാരിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി. തന്റെ മാതൃസ്ഥാനമായ സിഡിറ്റിലേക്ക് തിരിച്ചു പോകുകയാണെന്നും ബീനാ പോള്‍ പറഞ്ഞു.

മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലുള്‍പ്പെടെ ബീനാപോള്‍ അക്കാദമിയുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്തോടൊപ്പം മേളയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ബീനാപോള്‍ സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായിരുന്നു ബീന പോള്‍.