| Tuesday, 16th January 2018, 1:20 pm

സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയശേഷം ബി.ജെ.പി കാലുവാരി, കിട്ടിയവോട്ടുകളില്‍ കൂടുതലും മുസ്‌ലിം സുഹൃത്തുക്കളുടേത്; ഇനി ബി.ജെ.പി നേതാവായി തുടരില്ലെന്ന് ഭീമന്‍ രഘു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനാംപുരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഭീമന്‍ രഘു. ബി.ജെ.പി പ്രവര്‍ത്തകര്‍ കാലുവാരിയതാണ് താന്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് ഭീമന്‍ രഘു പറഞ്ഞത്. ബഹ്‌റൈനില്‍ ഒരു ബന്ധുവിന്റെ കട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

മത്സരത്തിന്റെ തുടക്കത്തില്‍ പത്തനാപുരത്ത് തനിക്കായിരുന്നു വിജയസാധ്യത. ആദ്യത്തെ പത്തുദിവസം നല്ലരീതിയില്‍ പ്രചാരണം നടന്നു. അതിന്റെ പ്രതികരണവും ലഭിച്ചു. ഇത് വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ കൂടെ നിന്നവര്‍ കാലുവാരിയെന്നാണ് ഭീമന്‍ രഘു പറഞ്ഞത്.

തെരഞ്ഞെടുപ്പ് അടുത്ത് വരുന്തോറും പാര്‍ട്ടിയും പാര്‍ട്ടിക്കാരും ഇല്ലാത്ത അവസ്ഥയായി. മറ്റുവല്ല സ്വാധീനത്തിന്റെ ഫലമായിരിക്കും പ്രവര്‍ത്തകര്‍ പോയതെന്നും ഈ രീതിയില്‍ തന്നോട് പെരുമാറിയതെന്നും തോന്നിയിരുന്നതായും അദ്ദേഹം പറയുന്നു.

ബി.ജെ.പി എം.പിയായ സുരേഷ് ഗോപിയ്‌ക്കെതിരെയും ഭീമന്‍ രഘു വിമര്‍ശനമുന്നയിച്ചു. തെരഞ്ഞെടുപ്പു പ്രചരണത്തിനായി പലതവണ സുരേഷ് ഗോപിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം പത്തനാപുരത്ത് മാത്രം വന്നില്ലെന്നാണ് ഭീമന്‍ രഘു പറഞ്ഞത്. ഒരു ദിവസം മാത്രം 10 തവണ താന്‍ ഫോണില്‍ വിളിച്ചിട്ടും വരാത്തപ്പോള്‍ വിഷമം തോന്നിയെന്നും അദ്ദേഹം പറയുന്നു.

ഫലം വന്നപ്പോള്‍ തനിക്ക് വോട്ട് കിട്ടിയതില്‍ കൂടുതലും മുസ്‌ലിം സുഹൃത്തുക്കളുടേതായിരുന്നെന്നും ഭീമന്‍ രഘു അവകാശപ്പെട്ടു. ബി.ജെ.പിയില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി നേതാവായി തുടരാനില്ലെന്നും രഘു വ്യക്തമാക്കി.

കുട്ടിക്കാലം മുതലെ ആര്‍.എസ്.എസിനോട് താല്‍പ്പര്യമുണ്ടായിരുന്നു. നരേന്ദ്ര മോദിയോടുള്ള വ്യക്തിപരമായ ഇഷ്ടമാണ് താന്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയാകാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ തനിക്ക് സിനിമയില്‍ അവസരം കുറഞ്ഞു. ഇതിന്റെ പേരില്‍ ഏറെ മൈനസ് പോയിന്റുകള്‍ ഉണ്ടായെന്നും അദ്ദേഹം പറയുന്നു.

ബി.ജെ.പി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരുന്നില്ല. നേതാക്കള്‍ അതിനു മെനക്കെടാത്തതുകൊണ്ടാകം പാര്‍ട്ടി ഇപ്പോഴും നില്‍ക്കുന്നിടത്ത് നിന്ന് മുന്നോട്ടുപോകാത്തതെന്നും രഘു പറയുന്നു.

We use cookies to give you the best possible experience. Learn more